ഐപിഎൽ ലേലം ഡിസംബറിലെന്ന് റിപ്പോർട്ട്

2023 ഐപിഎലിലേക്കുള്ള ലേലം ഈ വർഷം ഡിസംബറിൽ നടക്കും. ബെംഗളൂരുവിൽ ഡിസംബർ 16നു ലേലം നടക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സീസണിൽ ഹോം, എവേ രീതിയിലാവും മത്സരങ്ങൾ. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് സീസണുകൾ തെരഞ്ഞെടുക്കപ്പെട്ട വേദികളിൽ മാത്രമാണ് നടന്നത്. 2023 മുതൽ വനിതാ ഐപിഎലും ആരംഭിക്കും.
വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.
സോൺ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികൾ നൽകുക. ഇത് എങ്ങനെ വേണമെന്നതിൽ തീരുമാനം ആയിട്ടില്ല. നോർത്ത് (ധർമശാല/ജമ്മു), സൗത്ത് (കൊച്ചി/ വൈസാഗ്), സെൻട്രൽ (ഇൻഡോർ/നാഗ്പൂർ/റായ്പൂർ), ഈസ്റ്റ് (റാഞ്ചി/കട്ടക്ക്), നോർത്ത് ഈസ്റ്റ് (ഗുവാഹത്തി), വെസ്റ്റ് (പൂനെ/രാജ്കോട്ട്) എന്നീ സോണുകളും നിലവിൽ പുരുഷ ഫ്രാഞ്ചൈസികൾ ഉള്ള മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി, ചെന്നൈ, ലക്നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്‌മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കും.
ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടും. പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തുന്ന ടീം നേരിട്ട് ഫൈനലിലെത്തും. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെ ടീമുകൾ എലിമിനേറ്ററിൽ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ഫൈനലിലെത്തും. രണ്ട് വേദികളിലായാവും മത്സരങ്ങൾ.
Story Highlights: ipl 2023 auction december
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here