ആന്ധ്രയിൽ നിന്ന് അരി; മന്ത്രിതല ചർച്ച ഇന്ന് വിജയവാഡയിൽ
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് തടയാൻ ആന്ധ്രയിൽ നിന്നും നേരിട്ട് അരിവാങ്ങുന്നതിനായി മന്ത്രിതല ചർച്ച ഇന്ന് വിജയവാഡയിൽ നടക്കും. ഭക്ഷ്യമന്ത്രി ജിആർ അനിലും ആന്ധ്രാ ഭക്ഷ്യമന്ത്രി കരുമുറി വെങ്കട നാഗേശ്വർ റാവുവും തമ്മിലാണ് ചർച്ച. ഉച്ചയ്ക്ക് 11:30ഓടെ വിജയവാഡയിലെ ആന്ധ്ര ഭക്ഷ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച. ഉദ്യോഗസ്ഥ തല സംഘം ഇന്നലെ ആന്ധ്ര സർക്കാരിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
നിലവിൽ ആന്ധ്രയിൽ നിന്നും സിവിൽ സപ്ലൈസ് സ്വകാര്യ കമ്പനികളിൽ നിന്നും ക്വട്ടേഷൻ മുഖേനയാണ് അരി സംഭരിക്കുന്നത്. ആന്ധ്ര സിവിൽ സപ്ലൈസിൽ നിന്ന് നേരിട്ട് അരി എത്തിക്കാൻ ആയാൽ വില പിടിച്ചു നിർത്താനാകും എന്നാണ് സർക്കാർ പ്രതീക്ഷ. അരിക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി കേരളം ശ്രമിക്കും. മന്ത്രിതല ചർച്ചക്ക് ശേഷം നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ അരിക്ക് കിലോഗ്രാമിന് 15 രൂപ വർദ്ധിച്ച സാഹചര്യത്തിലാണ് വില പിടിച്ചു നിർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന ജയ ഉൾപ്പെടെയുള്ള അരി ഇനങ്ങൾ ആന്ധ്രാ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും നേരിട്ട് വാങ്ങാൻ ആണ് നീക്കം.
Story Highlights: rice andhra pradesh meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here