ഗവർണർ തന്റെ പദവിയും കടമയും എന്താണെന്ന് അറിയണം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

വാർത്താസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നില നല്ലതല്ല. ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ് നമ്മുടേത്. ഗവർണർ പദവിയും കടമയും കർത്തവ്യവും എന്താണെന് അറിയണം. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഇതാണ് ഭരണഘടനയുടെ വ്യവസ്ഥ. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ഗവർണർ പറയുന്നത് സാധുവാകില്ല. ചാൻസിലർ എന്ന നിലയ്ക്ക് ഗവർണർ മനസിലാക്കേണ്ടത് ഇക്കാര്യങ്ങളാണ്. മന്ത്രിമാരെ അയോഗ്യരാക്കാൻ ഗവർണർക്ക് അധികാരമില്ല. അദ്ദേഹം ഇതു മനസിലാക്കിയാൽ നല്ലത്. ( Pinarayi Vijayan criticized Arif Mohammad Khan ).
എൽദോസിനെതിരെയുള്ള പെൺകുട്ടിയുടെ പരാതി ഗൗരവമേറിയതാണ്. ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകും. ദയാബായിയുടെ സമരത്തോട് അനുഭാവപൂർണമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എയിംസ് ആവശ്യം അംഗീകരിക്കാൻ കഴിയില്ല. മറ്റു മൂന്നു കാര്യങ്ങളും അംഗീകരിക്കാമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ഉറപ്പുകൾ പൂർണമായും സർക്കാർ പാലിക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്താൻ പറ്റില്ല.
ലോകസമാധാന സമ്മേളനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ അറിയിച്ചിട്ടുണ്ട്. നാല് നോർവീജിയൻ കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യം അറിയിച്ചു. തുരങ്ക പാത നിർമ്മിക്കുന്ന നോർവേ മാതൃക കേരളത്തിലും അനുകരിക്കും. പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ നോർവീജിയൻ മാതൃക കേരളത്തിന് സഹായകമാണ്. കൊച്ചിയെ മാരിടൈം ഹബ്ബായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.
Read Also: ഉല്ലാസയാത്ര, ധൂർത്ത് എന്നീ നെഗറ്റീവുകൾ പ്രചരിപ്പിച്ചു, കുടുംബാംഗങ്ങളുടെ വിദേശയാത്രയിൽ അനൗചിത്യമില്ല; മുഖ്യമന്ത്രി
ജനുവരിയിൽ കേരളത്തിൽ നോർവീജിയൻ സംരംഭകരുടെ സമ്മേളനം നടത്തും. ബാറ്ററി നിർമ്മാതാക്കളായ കോർവസ് എനർജി കേരളത്തിൽ നിക്ഷേപം നടത്തും. വയോജന സഹായം ഉൾപ്പെടെ പലതും നോർവെയിൽ നിന്നും നമുക്ക് പഠിക്കാനുണ്ട്. ഫിൻലൻഡ് സംഘം ഉടൻ കേരളം സന്ദർശിക്കും. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് ഫിൻലാൻഡിൽ വലിയ സാധ്യതയാണുള്ളത്. കേരളത്തിൽ നിന്നുള്ള കുടിയേറ്റ നടപടികൾ ഫിൻലാൻഡ് സുഗമമാക്കും. പരിസ്ഥിതി സൗഹൃദ വികസന മേഖലയിൽ ഫിൻലാന്റുമായി സഹകരിക്കും.
വിവിധ സർവകലാശാല പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. കേരള ഡിജിറ്റൽ സർവ്വകലാശാല ധാരണ പത്രം ഒപ്പുവച്ചു. ഭാവി കേരളത്തെ കെട്ടിപ്പടുക്കാനുള്ള കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു യാത്ര നടത്തിയത്. വരും ദിവസങ്ങളിൽ യാത്രയുടെ ഭാഗമായ തുടർ നടപടികളുണ്ടാകും. ദീർഘകാല വികസനത്തിന് അനുയോജ്യമായ പദ്ധതികളാണ് നടപ്പാക്കുന്നത്.
നോർവെയുമായുള്ള കേരളത്തിന്റെ ബന്ധം മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടമുട്ടാക്കും. സംസ്ഥാനത്തിൻ്റെ മുന്നോട്ടു പോക്കിന് അനുയോജ്യമായ ലക്ഷ്യങ്ങളോടെയാണ് യാത്ര നടത്തിയത്. ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ നേട്ടമാണ് നേർവെ യാത്രകൊണ്ടുണ്ടായത്. മാരിടൈം ക്ലസ്റ്ററിനായി നോർവെയുടെ സഹായവാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ യാഥാർത്ഥ്യമാകും.
സംസ്ഥാനത്തിൻ്റെ മുന്നോട്ട് പോക്കിന് അനിവാര്യമായിരുന്നു ഈ യാത്ര. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യമാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റാൻ ചർച്ചയുണ്ടായി. നിർദ്ദേശങ്ങൾ ലോക കേരള സഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് സർക്കാരിന് കൈമാറും. യുകെ എംപ്ലോയ്മെൻ്റ് നവംബറിൽ സംഘടിപ്പിക്കും. 3000ൽ അധികം ഒഴിവുകളിലേക്ക് തൊഴിലവസരങ്ങൾ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: Pinarayi Vijayan criticized Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here