‘രാമനിലും രാഹുലിലും ‘ആർ’ ഉണ്ട്’; രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത് കൂടുതൽ നേതാക്കൾ

രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത് കൂടുതൽ കോൺഗ്രസ് നേതാക്കൾ. രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണയ്ക്ക് പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളും രാഹുലിനെ രാമനോട് ഉപമിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പേരിലും രാമന്റെ പേരിലും ‘ആർ’ എന്ന വാക്കുണ്ടെന്ന് പട്ടോളെ പറഞ്ഞു.
രാമന്റെയും രാഹുലിന്റെയും പേരുകൾ ‘ആർ’ എന്നതിൽ തുടങ്ങുന്നത് യാദൃശ്ചികമാണ്. എന്നാൽ കോൺഗ്രസ് പാർട്ടി രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യപ്പെടുത്തുന്നില്ലെന്നും മഹാരാഷ്ട്ര അധ്യക്ഷൻ പറഞ്ഞു. രാഹുൽ ഗാന്ധി ഒരു മനുഷ്യനാണ്, അദ്ദേഹം മനുഷ്യത്വത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പട്ടോളെ അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
‘ഭഗവാൻ ശ്രീരാമൻ പോലും കന്യാകുമാരി മുതൽ കാശ്മീർ വരെ പദയാത്ര നടത്തി. ശങ്കരാചാര്യർ പോലും അതേ വഴിയിലൂടെ നടന്നു, അതുപോലെ രാഹുൽ ഗാന്ധിയും പദയാത്രയുടെ രൂപത്തിൽ ചെയ്യുന്നു. ഇത് രാമനുമായുള്ള താരതമ്യമല്ല പക്ഷേ രാമന്റെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ “R” ൽ ആരംഭിക്കുന്നത് യാദൃശ്ചികമാണ്. എന്നാൽ ബിജെപി നേതാക്കൾ തങ്ങളുടെ നേതാക്കളെ ദൈവവുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ രാഹുലിനെ ശ്രീരാമനുമായി താരതമ്യം ചെയ്യുന്നില്ല. ദൈവം ദൈവമാണ്, രാഹുൽ ഗാന്ധി ഒരു മനുഷ്യനാണ്, അദ്ദേഹം മനുഷ്യത്വത്തിനായി പ്രവർത്തിക്കുന്നു, അത് എല്ലാവർക്കും കാണാൻ കഴിയും’ – പട്ടോളെ എഎൻഐയോട് പറഞ്ഞു.
പടോളെയ്‌ക്ക് മുമ്പ് രാജസ്ഥാനിലെ ഗെഹ്‌ലോട്ട് സർക്കാരിന്റെ ആരോഗ്യ-എക്സൈസ് മന്ത്രി പർസാദി ലാൽ മീണ രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ചു. ശ്രീരാമൻ അയോധ്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കാൽനടയായി പോയിരുന്നു. എന്നാൽ കന്യാകുമാരി മുതൽ കാശ്മീർ വരെയാണ് രാഹുൽ ഗാന്ധിയുടെ പദയാത്ര. ചുരുക്കത്തിൽ രാമനെക്കാൾ കൂടുതൽ ദൂരം നടക്കുന്നത് രാഹുലാണെന്നും പർസാദി ലാൽ ദൗസയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവേ പ്രതികരിച്ചു.
Story Highlights: Ram and Rahul Gandhi R is common congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here