Advertisement

അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസം രാജി; ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ്

October 20, 2022
Google News 2 minutes Read

അധികാരമേറ്റ് 45-ാം ദിവസമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ്ട്രസിന്റെ രാജി. പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങൾക്ക് പിന്നാലെയാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബ്രിട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസം തന്നെ നികുതി വെട്ടിക്കുറക്കുമെന്നും രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പം കുറക്കുമെന്നും വാഗ്ദാനം ചെയ്താണ് ലിസ്ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. എന്നാൽ, അധികാരത്തിലേറി 45ാം ദിവസം പണപ്പെരുപ്പം മൂലം അവർ രാജിവെച്ചൊഴിയേണ്ടി വന്നിരിക്കുന്നു.

തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‌ ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജിവെച്ച് പടിയിറങ്ങുന്നത്.

ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരും ലിസ് ട്രസിന്റെ പേരിലായി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റിരുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ട് ലിസ്ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളും നികുതി നയങ്ങളും ബ്രിട്ടണ് ഗുണംചെയ്യില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Read Also: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടനിൽ പണപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഉയർന്ന നിരക്കായ 10.1 ശതമാനത്തിലേക്ക് എത്തിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടിയാണിത്. ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും അടുത്തിടെ ലിസ് ട്രസ് തുറന്നുപറഞ്ഞിരുന്നു.

Story Highlights: Liz Truss Quits As UK PM After 45 Days In Office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here