ടി-20 ലോകകപ്പ്: സാം കറന് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ പൊരുതിക്കീഴടങ്ങി അഫ്ഗാനിസ്ഥാൻ

ടി-20 ലോകകപ്പ് സൂപ്പർ 12ൽ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിനു ജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് അഫ്ഗാനെ വീഴ്ത്തിയത്. അഫ്ഗാനിസ്ഥാൻ മുന്നോട്ടുവച്ച 113 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് കളിയിലെ താരം. (england afghanistan world cup)
Read Also: ടി-20 ലോകകപ്പ്: ആതിഥേയരെ തകർത്ത് ന്യൂസീലൻഡ് തുടങ്ങി; ജയം 89 റൺസിന്
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഇംഗ്ലണ്ടിൻ്റെ പേസാക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഹസ്റത്തുള്ള സസായ് (7), റഹ്മാനുള്ള ഗുർബാസ് (10) എന്നിവർ വേഗം പുറത്തായപ്പോൾ ഇബ്രാഹിം സദ്രാൻ (32), ഉസ്മാൻ ഗനി (30) എന്നിവരുടെ ബാറ്റിംഗാണ് ഒരു തകർച്ചയിൽ നിന്ന് അഫ്ഗാനെ രക്ഷിച്ചത്. എന്നാൽ, ഇരുവരും എടുത്ത റൺസിൻ്റെയത്ര പന്ത് അഭിമുഖീകരിച്ചതിനാൽ റൺ റേറ്റ് വളരെ മോശമായിരുന്നു. ഇരുവരും പുറത്തായതോടെ വീണ്ടും അഫ്ഗാനിസ്ഥാൻ തകർന്നു. നജീബുള്ള സദ്രാൻ (13), മുഹമ്മദ് നബി (3) എന്നിവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ അഫ്ഗാൻ നിരയിൽ ആകെ 6 പേർ ഒറ്റയക്കത്തിൽ പുറത്തായി. 19.4 ഓവറിലാണ് അഫ്ഗാൻ ഓൾ ഔട്ടായത്.
മറുപടി ബാറ്റിംഗിൽ ജോസ് ബട്ട്ലറും (18) അലക്സ് ഹെയിൽസും (19) ചേർന്ന് 35 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുയർത്തിയെങ്കിലും മികച്ചരീതിയിൽ പന്തെറിഞ്ഞ അഫ്ഗാൻ ബൗളർമാർ ഫ്രീയായി സ്കോർ ചെയ്യാൻ ഇവരെ അനുവദിച്ചില്ല. 30 പന്തുകൾ നേരിട്ട് 18 റൺസ് മാത്രമെടുത്ത ഡേവിഡ് മലാനും അഫ്ഗാൻ ബൗളിംഗിൻ്റെ തീക്ഷ്ണതയറിഞ്ഞു. ബെൻ സ്റ്റോക്സ് (2), ഹാരി ബ്രൂക്ക് (7) എന്നിവരും വേഗം പുറത്തായതോടെ ഇംഗ്ലണ്ട് പതറി. 21 പന്തിൽ 29 റൺസെടുത്ത് പുറത്താവാതെ നിന്ന ലിയാം ലിവിങ്ങ്സ്റ്റണിൻ്റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ തുണച്ചത്.
Read Also: ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോവില്ലെന്ന ബിസിസിഐ പ്രഖ്യാപനം; പ്രതികരിച്ച് രോഹിത് ശർമ
ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയെ ന്യൂസീലൻഡ് 89 റൺസിനു തകർത്തിരുന്നു. ന്യൂസീലൻഡ് മുന്നോട്ടുവച്ച 201 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 17.1 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി. ന്യൂസീലൻഡിനായി ബാറ്റിംഗിൽ ഡെവോൺ കോൺവെയും (58 പന്തിൽ 92 നോട്ടൗട്ട്), ഫിൻ അലനും (16 പന്തിൽ 42) തിളങ്ങി. ബൗളിംഗിൽ ടിം സൗത്തി, മിച്ചൽ സാൻ്റ്നർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 28 റൺസെടുത്ത ഗ്ലെൻ മാക്സ്വൽ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ.
Story Highlights: england won afghanistan t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here