ഗവർണർ സ്വീകരിക്കുന്നത് തുഗ്ലക്കിനെ അനുസ്മരിപ്പിക്കുന്ന പരിഷ്കരണം; എ.എ റഹിം

തുഗ്ലക്കിനെ അനുസ്മരിപ്പിക്കുന്ന പരിഷ്കരണമാണ് ഗവർണർ സ്വീകരിക്കുന്നതെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും എ.എ റഹിം എം.പി. ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സ്ഥാനത്തില്ലാത്ത ആളോട് പോലും രാജി വെയ്ക്കാൻ ആവശ്യപ്പെടുകയാണ് അദ്ദേഹമെന്ന് 24 എൻകൗണ്ടറിൽ അദ്ദേഹം പ്രതികരിച്ചു. ( AA Rahim criticizes Arif Mohammad Khan ).
സാങ്കേതിക സർവകലാശാലാ വൈസ് ചാൻസിലറായിരുന്ന രാജശ്രീ ഉൾപ്പടെ രാജിവെയ്ക്കണമെന്നാണ് ഗവർണറുടെ ആവശ്യം. സുപ്രിംകോടതി വിധിന്യായം പുറത്തുവന്നതിന് ശേഷം സാങ്കേതിക സർവകലാശാലാ വൈസ് ചാൻസിലറായിരുന്ന രാജശ്രീ ആ സ്ഥാനത്ത് നിന്ന് മാറി. അതായത് ഇപ്പോൾ സ്ഥാനത്തില്ലാത്ത ആളോടുപോലും രാജിവെയ്ക്കാൻ പറയുകയാണ് ഗവർണർ. അദ്ദേഹത്തിന് ആരാണ് ഇത്തരം വിചിത്രമായ നിയമോപദേശം നൽകുന്നതെന്ന് അറിയില്ല.
ഉത്തരവാദിത്തമില്ലാതെ ഗവർണർ പടച്ചിറക്കുന്ന ഉത്തരവാണിത്. നോട്ടീസ് കൊടുക്കുകയോ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യാതെയാണ് ഗവർണർ വി.സിമാരോട് രാജി വെയ്ക്കാൻ പറയുന്നത്. ഫിഷറീസ് സർവകലാശാലാ നിമയനം യുജിസി അടിസ്ഥാനത്തിലല്ല. ഏതെങ്കിലും വിസിയുടെ യോഗ്യത സംബന്ധിച്ച് ആർക്കും ഒരു തർക്കവുമില്ല. ഗവർണർക്ക് രാജി ആവശ്യപ്പെടാൻ നിയമപരമായി കഴിയില്ല.
Read Also: ഗവർണർക്ക് പിന്തുണയുമായി പ്രതിപക്ഷം, ചെയ്ത തെറ്റ് ആരിഫ് മുഹമ്മദ് ഖാൻ തിരുത്തിയെന്ന് വി.ഡി സതീശൻ
എകെജി സെന്ററിൽ ചായ വാങ്ങിക്കൊടുക്കാൻ നിൽക്കുന്നവരെ അനധികൃതമായി നിയമിക്കുകയാണെന്ന ആക്ഷേപം എത്ര ബാലിശമാണ്. എല്ലാ കാലത്തും വൈസ് ചാൻസിലർ നിയമനം നടത്തുന്നത് ചാൻസിലറാണെന്നും സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫയലുകൾ ഒരു ഘട്ടത്തിലും ഗവൺമെന്റിന്റെ ഒരു ഓഫീസിലും ജനറേറ്റ് ചെയ്യപ്പെടുന്നതല്ലെന്നും എ.എ റഹിം വ്യക്തമാക്കി.
ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട വിഷയത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയുണ്ട്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയതിന് പിന്നാലെ ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീഗ്.
ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നുതന്നെയാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ എ.പി.ജെ അബ്ദുൽ കലാം സർവ്വകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മറ്റ് ഒമ്പത് സർവ്വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.
Story Highlights: AA Rahim criticizes Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here