Advertisement

ഒരു കണ്ണിന്റെ കാഴ്ചയും കൈയുടെ സ്വാധീനവും നഷ്ടമായി; സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയെ കുറിച്ച് റിപ്പോര്‍ട്ട്

October 24, 2022
4 minutes Read
Salman Rushdie

ന്യൂയോര്‍ക്കില്‍ വച്ച് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്. ന്യൂയോര്‍ക്കിലെ ഷട്ടോക്വ വിദ്യാഭ്യാസ കേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി സല്‍മാന്‍ റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായിരുന്നു അന്ന് റുഷ്ദിക്കേറ്റ പരുക്ക്. മാസങ്ങള്‍ക്ക് ശേഷം റുഷ്ദിയുടെ ആരോഗ്യനില സംബന്ധിച്ച് വീണ്ടും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.(Salman Rushdie lost eye sight and use of one hand)

സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായും ഒരു കയ്യുടെ ചലനശേഷി നഷ്ടപ്പെട്ടതായും ‘ദി ഗാര്‍ഡിയന്‍’ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റുഷ്ദിയുടെ ആരോഗ്യനില സംബന്ധിച്ച് നിലവില്‍ പൂര്‍ണവിവരം വ്യക്തമല്ലെങ്കിലും ആ ആക്രമണം എത്രത്തോളം ഗുരുതരമായിരുന്നെന്നും റുഷ്ദിയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി സ്‌പെയിനിലെ എല്‍ പേയ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അന്ന് സംഭവിച്ച ആക്രമണത്തില്‍ റുഷ്ദിയുടെ കഴുത്തില്‍ മൂന്ന് ആഴത്തിലുള്ള ഗുരുതരമായ മുറിവുകളും നെഞ്ചിലും ശരീരത്തിലും 15 മുറിവുകളും ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു കണ്ണിന്റെ കാഴ്ച ഇല്ലാതായെന്നും ഒരു കൈയുടെ സ്വാധീനം ഇല്ലാതായെന്നും ആന്‍ഡ്രൂ വൈലി പറഞ്ഞു. എന്നാല്‍ റുഷ്ദി ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണോ എന്നതിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. റുഷ്ദി ജീവിക്കാന്‍ പോകുന്നു എന്നത് മാത്രമാണ് ഇപ്പോള്‍ പ്രധാനമെന്ന് വൈലി കൂട്ടിച്ചേര്‍ത്തു.

Read Also: ആയത്തുള്ള ഖൊമൈനിയുടെ ഫത്വയുടെ നിഴലില്‍ മുപ്പതാണ്ട്; ആരാണ് സല്‍മാന്‍ റുഷ്ദി?

സല്‍മാന്‍ റുഷ്ദി പ്രസംഗിക്കാന്‍ വേദിയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. 33 വര്‍ഷം മുന്‍പ് ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖുമൈനി റുഷ്ദിയെ വധിക്കാനായി പുറപ്പെടുവിച്ച ഫത്വ, ഇപ്പോള്‍ നടപ്പാക്കുകയായിരുന്നോ എന്ന സംശയമാണ് വിവിധ കോണുകളില്‍ നിന്ന് ആക്രമണത്തിന് പിന്നാലെ ഉയര്‍ന്നത്. ന്യൂജഴ്സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ എന്നയാളാണ് റുഷ്ദിയെ ആക്രമിച്ചത്.

സാതാനിക് വേഴ്സസ് എന്ന പുസ്തകത്തിന്റെ പേരില്‍ 1980-കളില്‍ ഇറാനില്‍ നിന്ന് വധഭീഷണി നേരിട്ട എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. 1988-ല്‍ റുഷ്ദിയുടെ പുസ്തകം ഇറാനില്‍ നിരോധിച്ചു. ഇതിന് പിന്നാലെ ഇറാനിയന്‍ നേതാവ് ആയത്തുള്ള ഖൊമൈനി സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളറാണ്( 23,89,29,150 രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.

Read Also: സൽമാൻ റുഷ്ദിയെ കുത്തിയ ഹാദി മറ്റാർ ആരാണ് ?.. ആക്രമണത്തിലേക്ക് നയിച്ചത് സേറ്റാനിക് വേഴ്‌സസ് എന്ന പുസ്തകം

ഖൊമൈനിയുടെ കല്‍പ്പനയില്‍ നിന്നും ഇറാന്‍ വളരെക്കാലമായി അകലം പാലിക്കുകയാണെങ്കിലും സല്‍മാന്‍ റുഷ്ദി വിരുദ്ധ വികാരം ചില തീവ്രമതവാദികള്‍ക്കുള്ളില്‍ വളരെക്കാലം നിലനിന്നു. പിന്നീട് 2012-ല്‍ ഒരു മതസ്ഥാപനം റുഷ്ദിയെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം 3.3 മില്യണ്‍ ഡോളറായി ഉയര്‍ത്തി. ഫത്വ കാലത്തെക്കുറിച്ച് റുഷ്ദി എഴുതിയ ജോസഫ് ആന്റണ്‍ എന്ന ഓര്‍മക്കുറിപ്പും പിന്നീട് വളരെ ശ്രദ്ധ നേടിയിരുന്നു.

Story Highlights: Salman Rushdie lost eye sight and use of one hand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top