ഇന്ത്യയുടെ തോൽവിയിൽ തിരിച്ചടി പാകിസ്താന്; സെമിയിലെത്താൻ ബുദ്ധിമുട്ടും

ടി-20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ തിരിച്ചടിയായയത് പാകിസ്താന്. ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയിരുന്നെങ്കിൽ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമി കളിക്കാനുള്ള സാധ്യത നിലനിർത്താൻ പാകിസ്താന് കഴിയുമായിരുന്നു. എന്നാൽ, ഇന്ത്യ ഇന്ന് പരാജയപ്പെട്ടതോടെ പാകിസ്താൻ്റെ നില പരുങ്ങലിലായി.
ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ അഞ്ച് പോയിൻ്റാണ് അവർക്കുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റ് വീതമുള്ള ഇന്ത്യയും ബംഗ്ലാദേശും രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. നെറ്റ് റൺ റേറ്റാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്ത് നിർത്തിയിരിക്കുന്നത്. ഇനി സൂപ്പർ 12ൽ ഇന്ത്യക്ക് താരതമ്യേന ദുർബലരായ ബംഗ്ലാദേശിനെയും സിംബാബ്‌വെയെയുമാണ് നേരിടേണ്ടത്. അതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ ഇന്ത്യ സെമി കടക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ബംഗ്ലാദേശിന് ഇന്ത്യയെ കൂടാതെ പാകിസ്താനെയാണ് ഇനി നേരിടാനുള്ളത്.
പാകിസ്താനാവട്ടെ, ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയുമാണ് അടുത്ത മത്സരങ്ങളിലെ എതിരാളികൾ. ഈ രണ്ട് കളിയും ജയിച്ചാലും പാകിസ്താന് 6 പോയിൻ്റേ ഉണ്ടാവൂ. പാകിസ്താനെതിരെ പരാജയപ്പെട്ടാലും നെതർലൻഡ്സിനെതിരെ വിജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് പോയിൻ്റുമായി സെമി ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിൽ 4 പോയിൻ്റുള്ള ഇന്ത്യ ബംഗ്ലാദേശിനോടും സിംബാബ്‌വെയോടും തോറ്റാൽ ഇന്ത്യ പുറത്താവുകയും മികച്ച റൺ നിരക്കിൻ്റെ വലത്തിൽ ബംഗ്ലാദേശോ പാകിസ്താനോ സെമി കളിക്കുകയും ചെയ്യും. ഇന്ത്യ ബംഗ്ലാദേശിനെ തോല്പിച്ച് സിംബാബ്‌വെയ്ക്ക് മുന്നിൽ കീഴടങ്ങുകയും പാകിസ്താൻ അടുത്ത രണ്ട് കളിയും വിജയിക്കുകയും ചെയ്താൽ അവിടെയും മികച്ച റൺ റേറ്റുള്ള ഒരു ടീം സെമി കളിക്കും. എന്നാൽ, ഇന്ന് ഇന്ത്യ വിജയിച്ചിരുന്നെങ്കിൽ 6 പോയിൻ്റുമായി ഇന്ത്യ സെമി ഉറപ്പിച്ചേനെ. ആ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് പോയിൻ്റേ ഉണ്ടാകുമായിരുന്നുള്ളൂ. അടുത്ത രണ്ട് കളി ജയിച്ചാൽ 6 പോയിൻ്റുമായി പാകിസ്താൻ സെമിയിലെത്തുമായിരുന്നു.
Story Highlights: india loss pakistan t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here