Advertisement

അമ്മയില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിന് മുലപ്പാല്‍ നല്‍കി വനിതാ പൊലീസ്: രമ്യയ്ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ആദരം

October 31, 2022
Google News 2 minutes Read

കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ എം.ആര്‍.രമ്യയെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആദരിച്ചു. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂര്‍വ്വമായ പ്രവൃത്തി സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്.(Ramya, a police officer breastfeeding baby)

ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി രക്ഷിക്കാന്‍ സ്വയമേവ മുന്നോട്ടുവന്ന രമ്യയുടെ സേവനം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. രമ്യയ്ക്ക് നല്‍കാനായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ട്ടിഫിക്കറ്റും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് രമ്യയ്ക്ക് സമ്മാനിച്ചു. പൊലീസിന്‍റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചു.

Read Also: ഗ്രീഷ്മയുടെ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു; ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഡിലീറ്റ് ചെയ്തില്ല; ഈ വൈരാഗ്യമാണ് കൊലയിലേക്കെത്തിച്ചതെന്ന് മൊഴി

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 22 വയസ്സുളള യുവതി കുഞ്ഞിനെ കാണാനില്ലെന്ന പരാതി ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയത്. പരസ്പരമുളള തര്‍ക്കത്തെത്തുടര്‍ന്ന് കുട്ടിയെ അച്ഛന്‍, അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുമായി പിതാവ് ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുല്‍ത്താന്‍ ബത്തേരി പൊലീസ് കണ്ടെത്തി.

മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ തിരികെ എത്തിക്കാന്‍ വയനാടെത്തിയ ചേവായൂര്‍ പൊലീസ് സംഘത്തിലെ രമ്യ താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി മുലയൂട്ടി ക്ഷീണമകറ്റുകയായിരുന്നു. അന്ന് രാത്രിയോടെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു.

Story Highlights: Ramya, a police officer breastfeeding baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here