‘മുട്ടുകാല് തല്ലിയൊടിക്കും’; തൃശൂരിൽ അധ്യാപകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി എസ്എഫ്ഐ നേതാവ്. വിദ്യാർത്ഥി സമരത്തിനിടെ കോളജിലെത്തിയ എസ്എഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി അസം മുബാറകും സംഘവുമാണ് പ്രിൻസിപ്പൽ ഇൻ ചാർജിനെ ഭീഷണിപ്പെടുത്തിയത്.
അധ്യാപകരോട് ഞങ്ങൾക്ക് ബഹുമാനമാണ്. പക്ഷേ തെമ്മാടിത്തരം കാണിച്ചാൽ കാല് തല്ലിയൊടിക്കും. ഞങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ട്. സിൻഡിക്കേറ്റിലും സെനറ്റിലും ഒക്കെ ഞങ്ങൾ അംഗങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിലുണ്ടല്ലോ, കാല് തല്ലിയൊടിക്കും, പുറത്തിറങ്ങ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നതെന്നായിരുന്നു ഭീഷണി.
മറ്റ് അധ്യാപകരുടേയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ പി.ദിലീപിനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read Also: കുസാറ്റിൽ സംഘർഷം; എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ റൂമിന് തീയിട്ടു
വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കോളജിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ക്യാമ്പസിൽ പൊലീസിനെ വിളിച്ചു വരുത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. എസ്എഫ്ഐക്കാരായ ചില വിദ്യാർത്ഥികളെ പുറത്താക്കി. തുടർന്ന് എസ്എഫ്ഐ നടത്തിയ സമരത്തിനിടെയാണ് എസ്എഫ്ഐ നേതാക്കൾ കോളജിലെത്തി പ്രിൻസിപ്പൽ ഇൻ ചാർജിനെ ഭീഷണിപ്പെടുത്തിയത്.
Story Highlights: SFI Leader Threatens College Principal In MTI Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here