പെന്ഷന് പ്രായം ഉയർത്തൽ; സർക്കാരിനോട് യോജിക്കാനാവില്ലെന്ന് കെ സുധാകരന്

പെൻഷൻ പ്രായം ഉയർത്തിയതിനോട് യോജിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് എംപി. യുവാക്കൾക്ക് തൊഴില്‍ എന്നതാണ് യുഡിഎഫ് നിലപാട്. 40 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. തൊഴില്‍ അവസരം സൃഷ്ടിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയമാണ്. പ്രശ്നത്തിൽ യൂത്ത് കോണ്‍ഗ്രസ് സമരരംഗത്തുണ്ടെന്നും ഭരണ മുന്നണിയുടെ യുവജന സംഘടകളെ കാണാനില്ലെന്നും സുധാകരന് പരിഹസിച്ചു.
വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പു കൂട്ടുന്നുയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണ്. സമരസമിതിയുടെ ലക്ഷ്യം കലാപ ആഹ്വാനമെന്നത് സര്‍ക്കാരിന്റെ ഭാവനയും വീഴ്ചകളില്‍ നിന്നും മുഖം രക്ഷിക്കാനുള്ള ബാലിശമായ ആരോപണവുമാണ്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. വിഴിഞ്ഞം വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാണ്. സമരക്കാരുമായി തുടര്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ല. സമരം നീളുന്നത് സര്‍ക്കാരിന്റെ നിസംഗത കൊണ്ടാണെന്നും സുധാകരന് കുറ്റപ്പെടുത്തി.
കോളജുകളെ എസ്.എഫ്.ഐ കലാപശാലകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് തൃശ്ശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലിന്റെ കാല് തല്ലിയൊടിക്കുമെന്ന കുട്ടിസഖാക്കളുടെ കൊലവിളി. സംസ്കാര ബോധമില്ലാത്ത എസ്.എഫ്.ഐ കലാശാലകളില്‍ അക്രമവും ഗുണ്ടായിസവും അഴിച്ചുവിട്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന് പറഞ്ഞു.
Story Highlights: K Sudhakaran against state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here