Advertisement

ഡേറ്റിങ് ആപ്പില്‍ പതിയിരിക്കുന്ന ചതികള്‍; 27കാരിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ

November 2, 2022
2 minutes Read
dating app scams how police trapped 27year old woman

പലതരം ഡേറ്റിങ് ആപ്പുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടും ബന്ധങ്ങള്‍ സ്ഥാപിച്ചും അബദ്ധങ്ങളില്‍ പോയി ചാടുന്നവരും കുറവല്ല. അത്തരത്തില്‍ ഡേറ്റിങിലൂടെ സ്വര്‍ണവും മൊബൈല്‍ ഫോണുമടക്കം വിലപ്പെട്ടതെല്ലാം കളഞ്ഞുകുളിക്കേണ്ടിവന്ന ഒരു യുവാവിന്റെ അനുഭവം എത്തിച്ചേര്‍ന്നത് പ്രതിയെ പൊലീസ് പിടികൂടി രസകരമായ കഥയിലേക്കാണ്.

വര്‍ഷം 2020 ഡിസംബര്‍. കൊവിഡ് മഹാമാരി മനുഷ്യരെ നിര്‍ബന്ധപൂര്‍വം അടച്ചുപൂട്ടലിലേക്കെത്തിച്ച നാളുകള്‍. കൗമാരക്കാരും യുവാക്കളുമെല്ലാം ശ്വാസം മുട്ടി ജീവിക്കുന്ന രീതി. അടച്ചിടലില്‍ ആശ്വാസം കണ്ടെത്തുന്നത് സോഷ്യല്‍ മിഡിയകളില്‍ നിന്ന് മാത്രമാണ്.

ബംബിള്‍ എന്ന ഡേറ്റിങ് ആപ്പാണ് ഇവിടെ താരം. പൂനെയിലെ തിരക്കേറിയ ഒരു കഫേയിലാണ് സംഭവങ്ങള്‍ നടക്കുന്നത്. ഇരുപതുകളുടെ കൗതുകത്തില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍. സര്‍വകലാശാലാ വിദ്യാര്‍ത്ഥിയാണ്. പേര് അമിത്. കൊവിഡ് കാരണമുണ്ടായ നീണ്ട അടച്ചിടല്‍ അവസാനിക്കുന്ന ദിവസങ്ങളായിരുന്നു അത്. ആരെയെങ്കിലുമൊക്കെ കണ്ട്, ഉള്ളുതുറന്ന് സംസാരിക്കണം എന്നൊക്കെ ആഗ്രഹിച്ചാണ് അമിത് നഗരത്തിലേക്ക് ഇറങ്ങുന്നത്.

അവിടെ വച്ചാണ് അമിത് ശിഖയെ കണ്ടുമുട്ടുന്നത്. ദിവസങ്ങള്‍ക്കുമുന്‍പ് ബംബിള്‍ ആപ്പിലൂടെ പരിചയപ്പെട്ടതാണ് ശിഖയും അമിതും. ഇരുവരും ആദ്യമായാണ് നേരിട്ട് കണ്ടുമുട്ടുന്നത്. അതുകൊണ്ടുതന്നെ ഇരുവര്‍ക്കും നേരിട്ട് കാണുന്നതില്‍ നിറഞ്ഞ ആകാംക്ഷയുണ്ടായിരുന്നു.
പരിചയപ്പെട്ടതിനൊപ്പം കഫേയില്‍ വച്ച് അമിത് തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അമിതിന് പറയാനുള്ള എല്ലാ കാര്യങ്ങളിലും ശിഖ അതീവ താല്‍പര്യം കാണിക്കുകയും ചെയ്തു. എങ്കിലും ശിഖ തന്നെക്കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുന്നത് അമിത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

Read Also: ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ജോലി ചെയ്യുക അല്ലെങ്കിൽ പിരിച്ചുവിടുക; ട്വിറ്റർ ജീവനക്കാർക്കുള്ള ഇലോൺ മസ്‌കിന്റെ പുതിയ നിയമം

സമയം വൈകുന്നേരമാകുന്നു. വീണ്ടും ഭക്ഷണം ഓര്‍ഡര്‍ ചെയ്യണോയെന്ന് അമിത് ചോദിച്ചു. എന്നാല്‍ ശിഖയുടെ മറുപടി അവനെ അമ്പരപ്പിച്ചു. അമിതിന്റെ വീട്ടില്‍ പോകാമെന്നും രാത്രി അവിടെ നിന്ന് ഭക്ഷണം കഴിക്കാമെന്നുമായിരുന്നു ശിഖയുടെ ആഗ്രഹം. അതിശയവും സന്തോഷവും ഒരുമിച്ച് തോന്നിയ അമിത് അതിന് സമ്മതം മൂളി. അങ്ങനെ കഫേയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തന്റെ വീട്ടിലേക്ക് ഇരുവരും പുറപ്പെട്ടു. കാറിലിരുന്ന അമിതിന് വല്ലാത്ത ദാഹം തോന്നി. ശിഖ അവള്‍ കൊണ്ടുവന്ന കുപ്പിയില്‍ നിന്ന് വെള്ളം അമിതിന് കൊടുത്തു. വെള്ളത്തിന് നേരിയ രുചിവ്യത്യാസം തോന്നിയെങ്കിലും അമിത് അത് അവഗണിച്ചു.

വീട്ടിലെത്തിയ ശേഷം അമിതും ശിഖയും ഓര്‍ഡര്‍ ചെയ്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എന്നാല്‍ കഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ അമിതിന് തലകറക്കം അനുഭവപ്പെട്ടു. എഴുന്നേറ്റിരിക്കാന്‍ പറ്റില്ല എന്ന തോന്നലുണ്ടായപ്പോള്‍ തന്നെ അമിത് ശിഖയോട് ക്ഷമ പറഞ്ഞ് തന്റെ കിടപ്പുമുറിയിലേക്ക് പോയി. താമസിയാതെ മയങ്ങിവീഴുകയും ചെയ്തു.

മണിക്കൂറുകള്‍ക്ക് ശേഷം മയക്കം വിട്ടെണീറ്റ അമിതിന് യാതൊരു അസ്വാഭാവികതയും തോന്നിയില്ല. അപ്പോഴും മുറിയിലുണ്ടായിരുന്ന ശിഖ തന്നെ ഡ്രോപ്പ് ചെയ്യണമെന്നാവശ്യപ്പെട്ടു. ശിഖയെ കൊണ്ടുവിട്ട് തിരികെ എത്തിയപ്പോഴാണ് തന്റെ മൊബൈല്‍ ഫോണ്‍ കാണാതായ വിവരം അമിത് അറിയുന്നത്. ഒപ്പം സ്വര്‍ണമാലയും രണ്ട് സ്വര്‍ണ മോതിരങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു!. ആദ്യം വിമുഖത കാണിച്ചെങ്കിലും പിന്നീട് പിതാവിന്റെ നിര്‍ബന്ധത്തിലാണ് അമിത് പൊലീസില്‍ പരാതി നല്‍കുന്നത്.

കേസന്വേഷണത്തില്‍ ‘ശിഖ’ എന്ന പേരില്‍ അമിതിനെ കൊള്ളയടിച്ച സ്ത്രീയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പൊലീസിനില്ലായിരുന്നു. ഒരു സൂചന പോലും. എന്നാല്‍ പിന്നീട് ഇതൊരു രസകരമായ കേസായി പൊലീസിന് തോന്നി. തെളിയിക്കപ്പെടാത്ത പഴയ കേസുകള്‍ പരിശോധിച്ചപ്പോള്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീ കൊളളയടിച്ച യുവാവിന്റെ കേസിലേക്കെത്തി. ബംബിളിനെ കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന പൊലീസുകാര്‍ അമിതിനെ പറ്റിച്ച യുവതിയെ കണ്ടെത്താന്‍ ഒരു മാര്‍ഗം കണ്ടുപിടിച്ചു. അതേ ആപ്പില്‍ മറ്റൊരു വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുകയായിരുന്നു അത്.

Read Also: മിസ് അര്‍ജന്റീനയും മിസ് പോര്‍ട്ടോ റിക്കോയും വിവാഹിതരായി; ചിത്രങ്ങള്‍ പങ്കുവച്ച് സൗന്ദര്യറാണിമാര്‍

തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ ബംബിളില്‍ തന്നെ പൊലീസുകാര്‍ ചെലവഴിച്ചു. നൂറോളം പ്രൊഫൈലുകള്‍ സൈ്വപ്പ് ചെയ്ത ശേഷം അവര്‍ സ്ത്രീയെ കണ്ടെത്തി. അമിത് സൂചന നല്‍കിയ ഒരു ഫോട്ടോ അതിലുണ്ടായിരുന്നു. പക്ഷേ ശിഖ പൊലീസുകാരുടെ വ്യാജ പ്രൊഫൈലില്‍ സ്വൈപ്പ് ചെയ്തില്ല. അതോടെ മാച്ചിങും ഇല്ലാതെയായി. ബംബിള്‍ വഴി മാത്രം അമിതുമായി ബന്ധപ്പെട്ട ശിഖയുടെ ഫോണ്‍ നമ്പര്‍ പോലും തെളിവിനായി ഇല്ലായിരുന്നു. ഇങ്ങനെ പല വഴികളും പരീക്ഷിച്ച് ഡേറ്റിങ് ആപ്പിലൂടെ ചതിയില്‍പ്പെടുത്തുന്ന യുവതിക്കായി ദിവസങ്ങളോളം പൊലീസ് വലവിരിച്ച് കാത്തിരുന്നു.മാര്‍ഗങ്ങളില്‍ പലതും പരാജയപ്പെടുകയും ചെയ്‌തെങ്കിലും പിന്മാറാന്‍ ആരും തയ്യാറായില്ല.

ഈ അന്വേഷണം നടക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ദേശ്മുഖിന്റെ പിതാവ് മരണപ്പെടുന്നത്. മരണാനന്തര ചടങ്ങുകള്‍ നടത്താനായി ദേശ്മുഖ് മഹാരാഷ്ട്രയിലെ തന്റെ ഗ്രാമമായ അമരാവതിയിലേക്ക് പോയി. 2021 ജനുവരി 11നായിരുന്നു ഈ സംഭവം നടക്കുന്നത്. നാട്ടിലെത്തി ഒരാഴ്ചയ്ക്ക് ശേഷം ദേശ്മുഖിന് ഒരു കോള്‍ വന്നു, മുന്‍പ് തനിക്കൊപ്പം കോളജില്‍ പഠിച്ചിരുന്ന സുഹൃത്തായ പ്രസാദിന്റെ കോളായിരുന്നു അത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീ പറ്റിച്ചെന്നായിരുന്നു പ്രസാദിന്റെ പരാതി. ഈ ഒരു ക്ലൂ പൊലീസിനെ യഥാര്‍ത്ഥ ശിഖയെ കണ്ടെത്താന്‍ തുണച്ചു. തന്നെ ചതിച്ച സ്ത്രീയുടെ ഫോട്ടോ പ്രസാദ് ദേശ്മുഖിന് ഫോണിലൂടെ അയച്ചുകൊടുത്തു. അതേ….ശിഖ എന്ന പൊലീസ് അന്വേഷിക്കുന്ന സ്ത്രീ തന്നെയായിരുന്നു അത്. തുടര്‍ന്നും പൊലീസ് പ്രസാദിനെ ബന്ധപ്പെട്ടതോടെ തന്റെ കാര്യങ്ങളെല്ലാം അയാള്‍ തുറന്നുപറഞ്ഞു. മുംബൈയിലെ പൂനെയില്‍ വച്ച് നേരിട്ടുകണ്ടെന്നും ഹോട്ടലില്‍ മുറിയെടുത്തെന്നും. ആ സമയത്താണ് ഹോട്ടലില്‍, വച്ച് ആ സ്ത്രീ ജ്യൂസ് തന്ന് തന്നെ മയക്കിയത്. 90,000 രൂപയുടെ സ്വര്‍ണ്ണ ചെയിന്‍, 25,000 രൂപയുടെ സ്വര്‍ണ്ണ മോതിരം, 20,000 രൂപയുടെ മൊബൈല്‍ ഫോണ്‍, പണമായി ഉണ്ടായിരുന്ന 15,000 രൂപ എന്നിവ നഷ്ടപ്പെട്ടെന്നും പ്രസാദ് പറഞ്ഞു.

തുടര്‍ന്ന് സമാനമായൊരു വ്യാജനെ സൃഷ്ടിച്ച് പൊലീസുകാര്‍ എളുപ്പത്തില്‍ ശിഖയെ കണ്ടെത്താന്‍ നീക്കങ്ങള്‍ നടത്തി. ഒടുവില്‍ ശിഖയിലേക്കും.

അങ്ങനെ ശിഖ എന്ന പേരില്‍ ഡേറ്റിങ് ആപ്പിലൂടെ ചതിച്ചത് സിയാലി എന്ന സ്ത്രീയാണെന്ന് ഒടുവില്‍ പൊലീസ് കണ്ടെത്തി. ഇരുപത്തിയേഴുകാരിയായ സയാലി കോളജ് പഠനം ഉപേക്ഷിച്ച് കോള്‍ സെന്ററുകളിലും മറ്റുമായിരുന്നു ജോലി ചെയ്തിരുന്നത്. പൂനെയില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു സിയാലിയുടെ താമസം. ഇതിനിടയിലാണ് വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഡേറ്റിങ് ആപ്പുകള്‍ വഴി യുവാക്കളെ ചതിയില്‍പ്പെടുത്തുന്നത്.ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട16 പേരെയാണ് ശിഖ എന്ന പേരില്‍ ഈ സ്ത്രീ ചതിച്ച് വലയിലാക്കിയത്.

Story Highlights: dating app scams how police trapped 27year old woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top