‘മലപ്പുറം ജില്ലയും എൻ്റെ പേരുമാണ് പ്രശ്നം; അടിവസ്ത്രം വരെ ഊരി പരിശോധിച്ചു’; കൊച്ചി വിമാനത്താവളത്തിൽ ദുരനുഭവമെന്ന് സലിം കോടത്തൂർ

നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദുരനുഭവമുണ്ടായെന്ന് ഗായകൻ സലിം കോടത്തൂർ. അടിവസ്ത്രം വരെ ഊരി പരിശോധിച്ചെന്നും തൻ്റെ പേരാണ് അവർക്ക് പ്രശ്നമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ ആരോപിച്ചു. മലപ്പുറംകാരനായിട്ട് എന്തിനാണ് കൊച്ചിയിൽ വന്നത് എന്ന് അവർ ചോദിച്ചു. മലപ്പുറം ജില്ലക്കാർ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ എന്നും അദ്ദേഹം ചോദിക്കുന്നു. (saleem kodathoor kochi airport)
സലീം കൊടുത്തൂരിന്റെ വാക്കുകൾ:
മലപ്പുറം ജില്ലക്കാരനായിട്ട് എന്തിനാണ് ഇതുവഴി സഞ്ചരിക്കുന്നതെന്ന് എല്ലായ്പ്പോഴും ചോദിക്കാറുണ്ട്. ഇതാണ് എളുപ്പമെന്ന് ഞാൻ പറയും. കുറച്ചുകാൾ മുൻപ് ഒരു സുഹൃത്തിനെ വിളിക്കാൻ പോയപ്പോൾ അവൻ്റെ സ്കാനിംഗിൽ എന്തോ പ്രശ്നമുണ്ടെന്നുപറഞ്ഞ് എന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ചിട്ടുണ്ട്. എൻ്റെ പാസ്‌പോർട്ട് കണ്ടപ്പോ എന്നെ പിടിച്ചു. ഹാൻഡ് ബാഗ് പൊളിച്ചു. എന്നിട്ട് നിങ്ങളെ വിശദമായി പരിശോധിക്കണമെന്ന് അറിയിച്ചു. മലപ്പുറം ജില്ലക്കാരനായിട്ട് എന്താണ് കൊച്ചിയിൽ വന്നത് എന്ന് ചോദിച്ചു. അത് ശരിയല്ല. ഇന്ത്യയിലെ ഏത് എയർപോർട്ടിൽ നിന്നും നമുക്ക് സഞ്ചരിക്കാം. എന്റെ അടിവസ്ത്രം പോലും ഊരി പരിശോധിച്ചു. അപ്പോൾ നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥ എനിക്ക് മാത്രമേ അറിയൂ. മലപ്പുറം ജില്ലക്കാർ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ.
എനിക്ക് എന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ല. ആ സമയത്ത് അതുവഴി പോകുന്നവർ, കള്ളക്കടത്തുകാരെ നോക്കുന്നതുപോലെയായിരുന്നു എന്നെ നോക്കിയത്. ഞാൻ എൻ്റെ വിഡിയോസൊക്കെ കാണിച്ചുകൊടുത്തു. ഇപ്പോ പങ്കെടുത്ത പ്രോഗ്രാമുകളുടെ പോസ്റ്ററുകളും വിഡിയോകളുമൊക്കെ കാണിച്ചു. ഇതൊക്കെ കാണിച്ചിട്ടും അവർ എന്നെ മാനസികമായി പീഡിപ്പിച്ചു. മലപ്പുറം ജില്ലക്കാരന് കോഴിക്കോട് എയർപോർട്ടിൽ നിന്നേ യാത്ര ചെയ്യാൻ പറ്റുകയുള്ളോ? എന്റെ പേരാണ് അവർക്ക് പ്രശ്‌നം. പാസ്പോർട്ടിൽ അവർ പേര് ശ്രദ്ധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
ഞാൻ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണം എന്നാണ് എനിക്ക് തോന്നിയത്. പരിശോധനക്ക് ശേഷം ഉദ്യേഗസ്ഥരുമായി സംസാരിച്ചപ്പോൾ സംശയം കൊണ്ടാണ് എന്ന് അവർ പറഞ്ഞു.
Story Highlights: saleem kodathoor kochi airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here