ടി-20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ കടന്നുകൂടി ഇംഗ്ലണ്ട്; ഓസ്ട്രേലിയ പുറത്ത്

ടി-20 ലോകകപ്പിൽ ശ്രീലങ്കയെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ. ശ്രീലങ്ക മുന്നോട്ടുവച്ച 142 റൺസ് വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. മാർക്ക് വുഡ് (3 വിക്കറ്റ്), അലക്സ് ഹെയിൽസ് (30 പന്തിൽ 47), ബെൻ സ്റ്റോക്സ് (36 പന്തിൽ 42 നോട്ടൗട്ട്) എന്നിവർ ഇംഗ്ലണ്ടിനായി തിളങ്ങി. 45 പന്തിൽ 67 റൺസെടുത്ത പാത്തും നിസങ്കയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. (england semifinal world cup)
Read Also: എന്ത് വിലകൊടുത്തും ഐസിസി ഇന്ത്യയെ സെമിയിലെത്തിക്കുമെന്ന് അഫ്രീദി; മറുപടിയുമായി ബിസിസിഐ
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് കുശാൽ മെൻഡിസും (14 പന്തിൽ 18) നിസങ്കയും ചേർന്ന് തകർപ്പൻ തുടക്കം നൽകി. എന്നാൽ, നാലാം ഓവറിൽ മെൻഡിസ് പുറത്തായതോടെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച നേരിട്ടു. ധനഞ്ജയ ഡിസിൽവ (9), ചരിത് അസലങ്ക (8) എന്നിവർ വേഗം മടങ്ങിയപ്പോൾ ഒരുവശത്ത് ഉറച്ചുനിന്ന നിസങ്കയാണ് ശ്രീലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 33 പന്തുകളിൽ ഫിഫ്റ്റി നേടിയ നിസങ്ക 16ആം ഓവറിൽ പുറത്തായതോടെ വീണ്ടും ശ്രീലങ്ക തകർന്നു. ദസുൻ ഷാനക (3), ഭാനുക രജപക്സെ (22 പന്തിൽ 22), വനിന്ദു ഹസരങ്ക (9), ചമിക കരുണരത്നെ (0) എന്നിവർ പൊരുതാതെ കീഴടങ്ങി. ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ്.
Read Also: ട്വന്റി 20 ലോകകപ്പ്; ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനും സ്വപ്നസമാന തുടക്കം ലഭിച്ചു. അലക്സ് ഹെയിൽസും ജോസ് ബട്ലറും ലങ്കൻ ബൗളർമാരെ ഫലപ്രദമായി നേരിട്ടപ്പോൾ ആദ്യ വിക്കറ്റിൽ തന്നെ 75 റൺസ് പിറന്നു. 8ആം ഓവറിൽ ബട്ലർ (23 പന്തിൽ 28) പുറത്തായതോടെ ഈ കൂട്ടുകെട്ട് തകർന്നു. 10ആം ഓവറിൽ ഹെയിൽസും മടങ്ങി. ഹാരി ബ്രൂക്ക് (4), ലിയാം ലിവിങ്ങ്സ്റ്റൺ (4), മൊയീൻ അലി (1), സാം കറൻ (6) എന്നിവരൊക്കെ വേഗം പുറത്തായപ്പോൾ ഇംഗ്ലണ്ട് ഒന്ന് ഭയന്നു. എന്നാൽ, പക്വതയോടെ ബാറ്റ് വീശിയ സ്റ്റോക്സ് ഇംഗ്ലണ്ടിനു വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ നിന്ന് ന്യൂസീലൻഡും ഇംഗ്ലണ്ടും സെമിയിലെത്തി. ആതിഥേയരായ ഓസ്ട്രേലിയ പുറത്താവുകയും ചെയ്തു.
Story Highlights: england semifinal australia t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here