സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വയ്ക്കൻ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ല: കെ സുധാകരന്‍

സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിലെ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഐഎം. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പാർട്ടി ശുപാര്‍ശ വേണമെന്നത് അപമാനമാണ്. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താല്‍ക്കാലിക നിയമനത്തിന് ജില്ലാ സെക്രട്ടറിയുടെ മുന്‍ഗണനാ പട്ടിക ചോദിച്ച മേയറുടെ നടപടി നിയമവിരുദ്ധം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണമെന്നും കെ സുധാകരന്‍. (k sudhakaran against mayor arya rajendran)
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സിപിഐഎം ഭരണകാലയളവില്‍ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പി.എസ്.സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും സുധാകരന്‍ പറഞ്ഞു. ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സിപിഐഎമ്മും വിലയിട്ടത്. യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാരിന്റെയും മേയറുടെയും നയങ്ങള്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കേണ്ട ഗതികേടാണ് ഇടതു യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
Story Highlights: k sudhakaran against mayor arya rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here