സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ ജയം; ഇന്ത്യക്ക് സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ

ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിൽ സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ ജയത്തോടെ ഇന്ത്യ സെമിയിൽ. 71 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.2 ഓവറിൽ 115 റൺസെടുക്കുന്നതിനിടെ ഓൾഔട്ട് ആവുകയായിരുന്നു. 35 റൺസെടുത്ത റയാൻ ബേൾ സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ട് ആണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. (india won zimbabwe t20)
Read Also: രാഹുലിനു ഫിഫ്റ്റി; വെടിക്കെട്ടുമായി സൂര്യ: സിംബാബ്‌വെയ്ക്ക് 187 റൺസ് വിജയലക്ഷ്യം
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്ക് ആദ്യ പന്തിൽ തന്നെ വെസ്ലി മധെവീരെയെ (0) നഷ്ടമായി. ഭുവിയുടെ പന്തിൽ മധെവീരെയെ കോലി പിടികൂടുകയായിരുന്നു. രണ്ടാം ഓവറിൽ റെഗിസ് ചകാബ്വെയും (0) മടങ്ങി. താരത്തെ അർഷ്ദീപ് സിംഗ് കുറ്റി പിഴുത് പുറത്താക്കുകയായിരുന്നു. ഷോൺ വില്ല്യംസ് (11) ഷമിയുടെ പന്തിൽ ഭുവി പിടിച്ച് പുറത്തായപ്പോൾ ക്രെയ്ഫ് എർവിനെ ഹാർദിക് പാണ്ഡ്യ സ്വന്തം ബൗളിംഗിൽ പിടികൂടി. ടോണി മുണ്യോങ്ങ (5) ഷമിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.
Read Also: ടി-20 ലോകകപ്പ്: ഇഴഞ്ഞ തുടക്കം; മധ്യനിര രക്ഷക്കെത്തിയപ്പോൾ ബംഗ്ലാദേശിനെ വീഴ്ത്തി പാകിസ്താൻ സെമിയിൽ
5 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ തകർന്ന സിംബാബ്‌വെയെ ആറാം വിക്കറ്റിൽ സിക്കന്ദർ റാസയും റയാൻ ബേളും ചേർന്നാണ് കരകയറ്റിയത്. 60 റൺസ് കണ്ടെത്തിയ സംഘം സ്പിന്നർമാരെ അനായാസമാണ് നേരിട്ടത്. ഒടുവിൽ 22 പന്തിൽ 35 റൺസെടുത്ത ബേളിനെ ക്ലീൻ ബൗൾഡാക്കിയ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ സിംബാബ്‌വെ വീണ്ടും ബാറ്റിംഗ് തകർച്ച നേരിട്ടു. വെല്ലിംഗ്ടൺ മസകാഡ്സയെ (1) രോഹിതിൻ്റെ കൈകളിലെത്തിച്ച അശ്വിൻ റിച്ചാർഡ് ങ്കാരവയുടെ കുറ്റി പിഴുത് വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി. പൊരുതിനിന്ന സിക്കന്ദർ റാസ (24 പന്തിൽ 34) ഹാർദിക് പാണ്ഡ്യയുടെ പന്തിൽ സൂര്യകുമാർ യാദവ് പിടിച്ച് പുറത്തായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ടെൻഡൈ ചടാരയെ (4) അക്സർ സ്വന്തം ബൗളിംഗിൽ പിടികൂടി.
Story Highlights: india won zimbabwe t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here