Advertisement

നോട്ട് നിരോധനം ശതകോടീശ്വരൻ സുഹൃത്തുക്കളെ സഹായിക്കാൻ ‘പേ പിഎം’ നടത്തിയ നീക്കം; രാഹുൽ ഗാന്ധി

November 8, 2022
Google News 10 minutes Read

നോട്ട് നിരോധനത്തിൻ്റെ ആറാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശതകോടീശ്വരൻ സുഹൃത്തുക്കളെ സഹായിക്കാൻ ‘പേ പിഎം’ ബോധപൂർവം നടത്തിയ നീക്കമാണ് നോട്ട് അസാധുവാക്കലെന്ന് വിമർശനം. നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ സംഘടിത കൊള്ളയാണെന്ന് ആരോപിച്ച കോൺഗ്രസ് ഈ നീക്കത്തെക്കുറിച്ച് മോദി സർക്കാരിനോട് ധവളപത്രം ആവശ്യപ്പെടുകയും ചെയ്തു. (Demonetisation deliberate move by ‘PayPM’ to help billionaire friends: Rahul Gandhi)

‘ചെറുകിട, ഇടത്തരം ബിസിനസുകൾ നടത്തുന്നവരുടെ വയറ്റത്തടിച്ച്, തന്റെ 2-3 ശതകോടീശ്വരൻ സുഹൃത്തുക്കൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കുത്തകയാക്കാൻ ‘പേപിഎം’ നടത്തിയ ബോധപൂർവമായ നീക്കമാണ് നോട്ട് നിരോധനം.’ – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘2016ലെ ഈ ദിവസമാണ് മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. ഇന്ത്യയെ ഡിജിറ്റൽ, പണരഹിത സമ്പദ്‌വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിൽ സർക്കാർ പരാജയപ്പെട്ടു. കാരണം പൊതുജനങ്ങളുടെ കറൻസി ഒക്ടോബർ 21 വരെ 30.88 ലക്ഷം കോടിയായി ഉയർന്നു – 6 വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 72% കൂടുതലാണ് – കോൺഗ്രസ് ട്വീറ്റിൽ പറഞ്ഞു.

സമ്പത്ത് വ്യവസ്ഥയിൽ സമ്മിശ്ര പ്രതിഭലനം ഉണ്ടാക്കിയ നോട്ട് നിരോധനം വിജയകരമായിരുന്നെന്ന് സർക്കാരും പരാജയമായിരുന്നെന്ന് പ്രതിപക്ഷവും ഇപ്പോഴും വാദിക്കുന്നു. നോട്ട് നിരോധനത്തിന് 6 വയസാകുമ്പോൾ രാജ്യത്ത് പൊതുജനത്തിന്റെ കൈവശം ഉള്ള കറൻസി 30 ലക്ഷം കോടിയോളമാണ്. നോട്ട് നിരോധനത്തിന്റെ തൊട്ടു മുന്നത്തെ മാസമായ 2016 ഒക്ടോബറിൽ 17 ലക്ഷം കോടി രൂപ മാത്രമായിരുന്നു ഇത്. കള്ളപ്പണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നോട്ട് നിരോധനം വിജയിച്ചില്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു ഈ കണക്ക്. പക്ഷേ മറുവശത്ത് കണക്കിൽ പെടാത്ത പണം ബാങ്കിങ് വ്യവസ്ഥയ്ക്ക് കീഴിൽ എത്തി എന്നത് വസ്തുതയുമാണ്.

2.5 ലക്ഷം ‘കടലാസ് കമ്പനി’കളുടെ റജിസ്ട്രേഷൻ റദാക്കി. 22 ലക്ഷം അക്കൗണ്ടുകളുടെ പരിശോധനയും നടപടിയും പുരോഗമിയ്ക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ യാഥാർത്ഥ്യമാകുന്ന സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിന് കാരണം (formalization) നോട്ട് നിരോധനം ആണെന്നാണ് കേന്ദ്രസർക്കാർ വാദം. നോട്ട് നിരോധനത്തിന്റെ മികച്ച നേട്ടം ഡിജിറ്റൽ ഇടപാടുകളിൽ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടമാണ്. 2015-16നു ശേഷം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 60 ശതമാനമെങ്കിലും വാർഷിക വർധന ഉണ്ടായി.

തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരുന്ന ഗ്രാമീണമേഖലയിലും നഗരങ്ങളിലെ അസംഘടിത മേഖലകളിലും കറൻസിക്ഷാമം സൃഷ്ടിച്ച കൂടുതൽ തൊഴിൽനഷ്ടവും ഉൽപാദനത്തിൽ ഇടിവും തുടരുകയാണ്. തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഇടത്തരക്കാർ തുടങ്ങിയവരെക്കൂടാതെ ചെറുകിട–ഇടത്തരം സംരംഭകരും നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതത്തിൽ നിന്ന് ആറാം വർഷവും മുക്തരല്ല. കാതൽ വ്യവസായങ്ങളിലെ ഉൽപാദനം തുടർച്ചയായി ചുരുങ്ങുന്ന പ്രവണതയും തുടരുകയാണ്. തൊഴിൽവളർച്ചാ നിരക്കുകളും പ്രതിക്ഷിച്ചതു പോലെ ആറാം വാർഷികത്തിലും ഉയർന്നിട്ടില്ല.

Story Highlights: Demonetisation deliberate move by ‘PayPM’ to help billionaire friends: Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here