കെയിൻ വില്ല്യംസണെ സൺറൈസേഴ്സ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെ ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ തുടർന്നാണ് 2015 മുതൽ ടീമിനൊപ്പമുള്ള വില്ല്യംസണെ റിലീസ് ചെയ്യാൻ സൺറൈസേഴ്സ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎൽ മിനി ലേലത്തിനു മുന്നോടിയായി ഈ മാസം 15നാണ് ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ അവസാന പട്ടിക നൽകേണ്ടത്.
32കാരനായ വില്ല്യംസൺ 2015ലാണ് ആദ്യമായി സൺറൈസേഴ്സിലെത്തുന്നത്. തുടർന്ന് താരം ടീമിനെ നയിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലും ടീമിൻ്റെ നായകനായിരുന്നു വില്ല്യംസൺ. സീസണിൽ എട്ടാം സ്ഥാനത്താണ് സൺറൈസേഴ്സ് ഫിനിഷ് ചെയ്തത്.
ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ നടക്കും. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.
പഞ്ചാബ് കിംഗ്സിനാണ് നിലവിൽ ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പർ കിംഗ്സ് (2.95 കോടി രൂപ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.55 കോടി രൂപ), രാജസ്ഥാൻ റോയൽസ് (0.95 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ബാക്കിയുള്ളത്. ഈ തുകയ്ക്കൊപ്പം 5 കോടി രൂപ കൂടി ഫ്രാഞ്ചൈസികൾക്ക് ചെലവഴിക്കാം. ലക്നൗ സൂപ്പർ ജയൻ്റ്സിന് നിലവിൽ തുകയൊന്നും ബാക്കിയില്ല.
ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.
Story Highlights: sunrisers hyderabad release kane williamson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here