‘നാവികരെ എത്രയും വേഗം മോചിപ്പിക്കും’; എംബസി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്ന് വി മുരളീധരൻ
ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ എത്രയും വേഗം മോചിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നാവികരുമായി രണ്ട് തവണ എംബസി കൂടിക്കാഴ്ച നടത്തി. അവിടെ സുരക്ഷിതത്വത്തിനു കുഴപ്പമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അവരെ മുറിയിൽ അടച്ചിട്ടതിനെപ്പറ്റി അറിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“നാവികർക്കെതിരെ നൈജീരിയയിലും ഇക്വിറ്റോറിയൽ ഗിനിയയിലും കേസുണ്ട്. ഇക്വിറ്റോറിയൽ ഗിനിയയിലെ കേസിലാണ് പിഴയടച്ചത്. അവരെ എത്രയും വേഗം മോചിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യക്കാരനായ ഒരാൾക്കും അപകടം വരാതിരിക്കാനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ട് എന്നാണ് ലോകം മുഴുവനുള്ള ഇന്ത്യക്കാരുടെ വിശ്വാസം. ആ വിശ്വാസം അവർക്കുമുണ്ടാവണം. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ അവർക്ക് സുരക്ഷിതത്വത്തിനു കുഴപ്പമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെയുള്ള നാവികരുമായി നമ്മുടെ എംബസി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. അതിനർത്ഥം അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കാൻ ഈ രണ്ട് രാജ്യങ്ങളും തയാറാണെന്നാണ്. അവർ വിഡിയോയിൽ പറയുന്നതിനെപ്പറ്റി ഒന്നും പറയാനില്ല. മുറിയിൽ അടച്ചിട്ടതിനെപ്പറ്റി അറിയില്ല”- വി മുരളീധരൻ പറഞ്ഞു.
തടവിലാക്കപ്പെട്ട മലയാളികൾ അടക്കമുള്ള നാവികരെ മോചിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയിരുന്നു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം നാവികരുടെ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
കപ്പൽ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകൾ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷനാണ് രേഖകൾ നൽകിയത്. ഇതിനിടെ ജീവനക്കാരുടെ മോചനത്തിനായി കപ്പൽ കമ്പനി നൈജീരിയയിൽ കേസ് ഫയൽ ചെയ്തു.
Story Highlights: v muraleedharan ship sailors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here