മുംബൈ- മസ്‌കറ്റ് റൂട്ട്; വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് അടുത്ത മാസം മുതല്‍

മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായി വിസ്താര എയര്‍ലൈന്‍സ്. ഡിസംബര്‍ 12 മുതലാണ് മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുക. മുംബൈയ്ക്കും മസ്‌കറ്റിനും ഇടയില്‍ നോണ്‍-സ്റ്റോപ്പ് പ്രതിദിന ഫ്ളൈറ്റ് സര്‍വീസുകള്‍ നടത്തുമെന്ന് വിസ്താര അറിയിച്ചു. റൂട്ടില്‍ ബിസിനസ്, ഇക്കണോമിക് ക്ലാസ് എന്നിവയ്ക്ക് പുറമേ പ്രീമിയം ഇക്കോണമിക് ക്ലാസും നല്‍കുന്ന ഒരേയൊരു എയര്‍ലൈനായിരിക്കും വിസ്താര.(mumbai muscut vistara service starts from dec 12)
ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ ഈ റൂട്ടില്‍ വിസ്താരയ്ക്കുണ്ടാകും. എ320 നിയോ എയര്‍ക്രാഫ്റ്റാകും സര്‍വീസ് നടത്തുക. രാത്രി 8.30ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കറ്റിലെത്തും. മസ്‌കറ്റില്‍ നിന്ന് രാത്രി 10.55നുള്ള സര്‍വീസ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.10ന് മുംബൈയിലെത്തും.
വിസ്താര വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ട്രാവല്‍ ഏജന്‍സി എന്നിവ മുഖേന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മിഡില്‍ ഈസ്റ്റില്‍ വിസ്താരയുടെ സര്‍വീസ് വിപുലീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സിഇഒ വിനോദ് കണ്ണന്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധവും ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര നിക്ഷേപങ്ങളും കണക്കിലെടുത്ത് പുതിയ സര്‍വീസ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗതത്തെ കൂടുതല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഒക്ടോബര്‍ 1 മുതല്‍ മുംബൈയ്ക്കും അബുദാബിക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ വിസ്താര പ്രഖ്യാപിച്ചിരുന്നു. 41 എയര്‍ബസ് എ320, അഞ്ച് എയര്‍ബസ് എ321 നിയോ, 5 ബോയിംഗ് 737-800എന്‍ജി, 3 ബോയിംഗ് 787-9 ഡ്രീംലൈനറുകള്‍ എന്നിവയുള്‍പ്പെടെ 54 വിമാനങ്ങളാണ് വിസ്താര എയര്‍ലൈനിനുള്ളത്.
Story Highlights: mumbai muscut vistara service starts from dec 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here