10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ ഒരുങ്ങുന്നതായി റിപ്പോർട്ട്

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ‘ആമസോൺ’ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ ആഴ്ച മുതൽ കോർപ്പറേറ്റ്, ടെക്നോളജി ജോലികളിൽ നിന്ന് ഏകദേശം 10,000 പേരെ പിരിച്ചുവിടാൻ Amazon.com Inc പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ഇത്. ആഗോളതലത്തിൽ 1.6 ദശലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന കമ്പനിയുടെ ഏകദേശം 1 ശതമാനം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. വോയ്സ് അസിസ്റ്റന്റ് അലക്സയെ ഉൾക്കൊള്ളുന്ന ഇ-കൊമേഴ്സ് ഭീമന്റെ ഉപകരണ യൂണിറ്റിലും റീട്ടെയിൽ ഡിവിഷനിലും ഹ്യൂമൻ റിസോഴ്സിലും ഈ വെട്ടിക്കുറയ്ക്കൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
മാസങ്ങൾ നീണ്ട അവലോകനത്തിന് ശേഷം ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാർക്ക് കമ്പനിക്കുള്ളിലെ മറ്റ് അവസരങ്ങൾ തേടാൻ ആമസോൺ മുന്നറിയിപ്പ് നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ റിപ്പോർട്ടിൽ കമ്പനി പ്രതികരിച്ചില്ല. കഴിഞ്ഞ വർഷം ഡിസംബർ 31 വരെ ആമസോണിന് ഏകദേശം 1,608,000 ഫുൾ ടൈം, പാർട്ട് ടൈം ജോലിക്കാർ ഉണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞുവിടുന്ന ഏറ്റവും പുതിയ യുഎസ് കമ്പനിയാണ് ആമസോൺ.
Story Highlights: Amazon Plans To Lay Off 10,000 Employees Soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here