Advertisement

‘കെ സുധാകരന്റേത് അനാവശ്യ പ്രസ്താവന’; ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത പൗരന്മാര്‍ക്കില്ലെന്ന് ലീഗ് നേതാവ്

November 14, 2022
2 minutes Read

കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി. കെപിസിസി അധ്യക്ഷന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് നല്ലതല്ലെന്ന് ലീഗ് നേതാവ് മുന്നറിയിപ്പ് നല്‍കി. കെപിസിസി അധ്യക്ഷന്റെ വിവാദങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങളുടെ സാംഗത്യമെന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. നെഹ്‌റുവിനെ അനുസ്മരിക്കാന്‍ ധാരാളം കാര്യങ്ങള്‍ വേറെ പറയാം. ഇന്ന് നടത്തിയത് അനവസരത്തിലുള്ള അനാവശ്യ പ്രസ്താവനയായിരുന്നു. വിവാദങ്ങള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ഉണ്ടാക്കുന്ന ആശങ്ക തിരിച്ചറിയാന്‍ കഴിയാത്തയാളല്ല സുധാകരന്‍. ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത പൗരന്മാര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് അബ്ദുള്‍ കരീം ചേലേരിയുടെ വിമര്‍ശനം. (muslim league leader against k sudhakaran)

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പരിണിത പ്രജ്ഞനും മുന്‍ മന്ത്രിയും പാര്‍ലമെന്റംഗവും കെ.പി.സി.സി. പ്രസിഡണ്ടുമായ ബഹു.കെ.സുധാകരന്‍, വിവാദങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങളിലേക്ക് പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ സി.എം.പി. സംഘടിപ്പിച്ച എം.വി.ആര്‍ അനുസ്മരണ പരിപാടിയില്‍ സംഘടനാ കെ.എസ്.യു. പ്രവര്‍ത്തകനായിരിക്കെ, ആര്‍.എസ്.എസ്.ശാഖയ്ക്ക്, സി.പി.എം. കാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആളെ അയച്ചത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലും ജനാധിപത്യ സംരക്ഷണത്തിന്റെ പേരിലും ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം നല്‍കിയതിനെക്കുറിച്ചായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്. എന്നാല്‍ ഇന്ന് വീണ്ടും കണ്ണൂരില്‍ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നവോത്ഥാന സദസ്സില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പോലും വര്‍ഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്തിരുന്നുവെന്നും ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.
അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ അദ്ദേഹം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാന്‍ കഴിയാത്തയാളല്ല, ബഹു.കെ.പി.സി.സി. പ്രസിഡണ്ട്. രാഷ്ട്രീയ ശത്രുക്കള്‍ക്ക്, തന്നെയും പാര്‍ട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തി നോവിക്കാന്‍ വടി കൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ല.

Read Also: ‘വാക്കുപിഴ, നെഹ്‌റുവിന്റെ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചത്’; കെ.സുധാകരൻ

ശിശുദിനത്തില്‍, ചാച്ചാജിയെ അനുസ്മരിക്കാന്‍ എത്രയോ നല്ല സംഭവങ്ങളും കാര്യങ്ങളും പറയാമെന്നിരിക്കെ, വിവാദങ്ങളുണ്ടാക്കുന്ന പരാമര്‍ശനങ്ങളുടെ സാംഗത്യമെന്താണ്?

ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ വെള്ളപൂശുന്ന ആര്‍.എസ്.എസിനെ ഏത് ജനാധിപത്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരിലായാലും സംരക്ഷിക്കേണ്ട ബാദ്ധ്യതയൊന്നും ഭാരതത്തിലെ പൗരന്‍മാര്‍ക്കില്ല. നെഹ്‌റുവിനെ കൂട്ടുപിടിച്ച് വര്‍ഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്യാന്‍ ആരായാലും പാലം പണിയേണ്ടതുമില്ല.
കുട്ടിയായിരിക്കുമ്പോള്‍ ആര്‍.എസ്.എസ്.ശാഖയില്‍ കാക്കി ട്രൗസറുമിട്ട് പോയിരുന്നുവെന്ന് അഭിമാനത്തോടെ പറഞ്ഞ എസ്.ആര്‍.പി.യുടെ പാര്‍ട്ടിയായ സി.പി.എമ്മും നേതാക്കളും ഈ കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വരേണ്ടതുമില്ല.

Story Highlights: muslim league leader against k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top