‘വാക്കുപിഴ, നെഹ്‌റുവിന്റെ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചത്’; കെ.സുധാകരൻ

വർഗീയ ഫാഷിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കണ്ണൂര്‍ ഡിസിസിയുടെ നവോത്ഥാന സദസ്സില്‍ നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചത്. എതിര്‍ ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെയാണ് പരാമർശിച്ചതെന്നും കെ.സുധാകരൻ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയില്‍ എല്ലാ കക്ഷികള്‍ക്കും പങ്കാളിത്തമുണ്ടാകണമെന്ന രാഷ്ട്രീയ ബോധമാണ് ഉയര്‍ത്തിപ്പിടിച്ചത്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ഒരിക്കലും തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കരുതെന്നും പരാജയപ്പെട്ടാലും വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്യരുതെന്നും ജവഹര്‍ലാല്‍ നെഹ്‌റു ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാര്‍ ശക്തികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാത്ത ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനവും കോണ്‍ഗ്രസാണ്. സിപിഐഎം പോലും ബിജെപിയുമായും സംഘപരിവാര്‍ ശക്തികളുമായും സഖ്യം ഉണ്ടാക്കിയെന്നത് പരസ്യമായ വസ്തുതയാണ്.
നെഹ്‌റുവിനെ തമ്‌സക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ്സ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് പ്രസംഗത്തില്‍ പഴയകാല ചരിത്രം പരാമര്‍ശിച്ചത്. എന്നാല്‍ അതിനിടയിലുണ്ടായ വാക്കുപിഴ മനസ്സില്‍പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് എത്തിച്ചത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സ്‌നേഹിക്കുന്നവര്‍ക്ക് ഇടയിലുണ്ടാക്കിയ വേദനയില്‍ ദുഃഖമുണ്ടെന്നും കെ.സുധാകരൻ വിശദീകരിച്ചു.
Story Highlights: Tried to highlight Nehru’s sense of democracy’; K. Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here