Advertisement

രാജ്ഭവൻ മാർച്ചിനെതിരെ കെ സുരേന്ദ്രൻ നൽകിയ പൊതു താത്പര്യ ഹർജി ഇന്ന് പരിഗണിക്കും

November 15, 2022
2 minutes Read
rajbhavan march high court

ഇടതുമുന്നണിയുടെ നേത്യത്വത്തിൽ ഇന്ന് നടത്തുന്ന രാജ്ഭവൻ മാർച്ചിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാർച്ചിൽ സർക്കാർ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് ഹർജി. (rajbhavan march high court)

Read Also: ഗവർണർക്ക് പ്രതിരോധം; സംസ്ഥാന സർക്കാരിനെതിരെ ബിജെപിയുടെ ഗൃഹസമ്പർക്കയജ്ഞം ഇന്ന് മുതൽ

സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർക്കെതിരെ സമരം ചെയ്യുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ തടയണമെന്നാണാവശ്യം. ഇത്തരം സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. ഹാജർ ഉറപ്പ് വരുത്തിയാണ് ഇത്തരത്തിൽ ജീവനക്കാരെ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, ഇടത് സർക്കാരിൻ്റെ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി ഇന്ന് മുതൽ നവംബർ 30 വരെ സംസ്ഥാനത്ത് ഗൃഹസമ്പർക്കയജ്ഞം നടത്തുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ഗവർണർക്കെതിരായി ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കി.

പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കോഴിക്കോട്, കൂമിള്ളിയിൽ നിർവഹിക്കും. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ അടൂരും, കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും, പികെ കൃഷ്ണദാസ് കണ്ണൂരിലും ഗൃഹസമ്പർക്കയജ്ഞത്തിൽ പങ്കെടുക്കും. 18,19 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ സമരവും സംഘടിപ്പിക്കും. ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ ഇന്നത്തെ രാജ്ഭവൻ ഘരാവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അഴിമതി, സ്വജനപക്ഷബാധം, സ്വർണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

Read Also: ഒരു മുഴം മുന്‍പേ എറിഞ്ഞു..;ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി

ഗവർണർ തലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ കൈകടത്തുന്ന ഗവർണർമാർക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജഭവൻ മാർച്ച് മാറുമെന്നാണ് ഇടതുപാർട്ടികളുടെ കണക്കുകൂട്ടൽ.

നന്ദാവനത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് വെള്ളയമ്പലം ജംക്‌ഷനിൽ പൊലീസ് തടയും. കവടിയാർ, മ്യൂസിയം, വഴുതക്കാട് റോഡുകളിൽ പ്രവർത്തകർ കേന്ദ്രീകരിക്കും. ശക്തമായ സുരക്ഷയാണ് ഇപ്പോൾ തന്നെ രാജ്ഭവനിൽ ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുള്ള ഗവർണർ അടുത്ത ഞായറാഴ്ചയേ കേരളത്തിലേക്ക് മടങ്ങിയെത്തൂ.

Story Highlights: rajbhavan march appeal high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top