‘ആരെ അയക്കണം എന്ന് അവർക്കറിയാമല്ലോ’; താരപ്രചാരകരിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി ശശി തരൂർ

അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ താര പ്രചാരകരിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ആരെ അയക്കണം എന്ന് അവർക്കറിയാമല്ലോ എന്ന് തരൂർ ചോദിച്ചു. വിഷയത്തിൽ വിവാദത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയിൽ തഴഞ്ഞതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
താര പ്രചാരകരുടെ പട്ടികയിൽ നിന്നു തരൂരിനെ തഴഞ്ഞപ്പോൾ കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തല ഇടംപിടിച്ചു. എ ഐ സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയുടെ പ്രചാരണത്തിൽ പങ്കാളിയായാണ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിൽ ഇരിപ്പിടം ഉറപ്പിക്കുന്നത്. പ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതിൽ നിരാശയില്ലെന്നാണ് തരൂർ ആദ്യം മുതൽ പ്രതികരിക്കുന്നത്. ആരാണ് മികച്ചവരെന്ന് പാർട്ടിക്ക് നന്നായി അറിയാമെന്നും അതു കൊണ്ട് നിരാശയുണ്ടോയെന്ന ചോദ്യം അപ്രസക്തമാണെന്നും അദ്ദേഹം പറയുന്നു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ പാർട്ടിക്കുള്ളിൽ ഒതുക്കുകയാണെന്ന ആക്ഷേപം ശക്തമായി നിൽക്കുമ്പോഴാണ് താരപ്രചാരകരിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 താര പ്രചാരകരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കനയ്യ കുമാർ, അശോക് ഗഹ്‌ലോത്, രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് താരപ്രചാരകരുടെ പട്ടികയിൽ ഇടം നേടിയത്.
Story Highlights: Gujarat election Shashi Tharoor campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here