‘പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’; സഖ്യകക്ഷികളോട് അമേരിക്ക

പോളണ്ടിലെ മിസൈല്‍ ആക്രമണത്തെ കുറിച്ച് മൗനം പാലിക്കണമെന്ന് സഖ്യകക്ഷികളോട് നിര്‍ദേശിച്ച് അമേരിക്ക. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പോളണ്ടിലെ സംഭവത്തെ കുറിച്ച് പ്രസ്താവനകള്‍ നടത്തരുതെന്നാണ് യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കുള്ള യുഎസിന്റെ മുന്നറിയിപ്പ്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ സംയമനം പാലിക്കണമെന്നുമാണ് നിര്‍ദേശം.(America tell Allies don’t say anything about Poland )
യുക്രൈന്‍ സൈന്യം അയച്ച മിസൈല്‍ പോളണ്ടിലേക്ക് മാറി എത്തിച്ചേര്‍ന്നതാകാമെന്ന് യു എസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. റഷ്യന്‍ മിസൈല്‍ തടുക്കാനായി യുക്രൈന്‍ അയച്ച മിസൈല്‍ മാറി പോളണ്ടിലെത്തിച്ചേര്‍ന്നതാണെന്ന് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുക്രൈന്‍ മിസൈല്‍ മൂലമാണ് സ്‌ഫോടനം ഉണ്ടായതെന്ന് പാശ്ചാത്യരാജ്യങ്ങള്‍ പറയുമ്പോള്‍, പോളണ്ടിലെ പ്രസെവോഡോയിലുണ്ടായ മിസൈല്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്നാണ് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നുവരുന്ന പ്രതികരണങ്ങള്‍. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ആദ്യം തന്നെ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. സ്‌ഫോടന സ്ഥലത്തുനിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങള്‍ റഷ്യന്‍ ഫയര്‍ പവറുമായി ബന്ധപ്പെട്ടവയല്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ബോധപൂര്‍വമായ പ്രകോപനമാണിതെന്നും പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു പറഞ്ഞു.
Read Also: പോളണ്ടില്‍ പതിച്ചത് യുക്രൈന്‍ സൈന്യം അയച്ച മിസൈലാകാം; അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം
എന്നാല്‍ യുക്രൈന്‍ സൈന്യം വിട്ട മിസൈലാണ് പോളണ്ടില്‍ പതിച്ചതെന്ന പ്രാഥമിക വിലയിരുത്തലിലാണ് പോളണ്ട്. പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡെയാണ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് മിസൈലിന്റെ ഉത്തരാവാദിത്തം റഷ്യയുടെ മേല്‍ ചുമത്തി.
സംഭവത്തില്‍ വ്യത്യസ്ത പ്രതികരണങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മിസൈല്‍ ആക്രമണത്തെ കുറിച്ച് മൗനം പാലിക്കണമെന്ന് സഖ്യകക്ഷികളോട് അമേരിക്കയുടെ നിര്‍ദേശം. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്റെ ഭാഗത്താണ് മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണോയെന്നത് വ്യക്തമായിട്ടില്ല.
Story Highlights: America tell Allies don’t say anything about Poland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here