ഭൂമിയുടെ ദോഷം തീർക്കാൻ ആളൊഴിഞ്ഞ പറമ്പിൽ ആയുധപൂജ; പരിശോധന നടത്തി പൊലീസ്

രാമൻകുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിൽ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളും മദ്യവും കോഴിയും ഉപയോഗിച്ച് മന്ത്രവാദം. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്ഥലമുടമയേയും പൂജാരിയേയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഇന്നലെ അർദ്ധരാത്രിയിലാണ് പൂജ നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒഴിഞ്ഞ പറമ്പിൽ നിന്ന് തീയും പുകയും കണ്ട് പരിഭ്രമിച്ച നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് പൂജ നടത്തുന്നതായി മനസിലാക്കിയത്. മുളകും, മല്ലിയുമാണ് പൂജാദ്രവ്യങ്ങളായി ഹോമിച്ചിരുന്നത്. ബലി നൽകാൻ കോഴിയും കരുതിയിരുന്നു. ഹോമകുണ്ഡത്തിന് സമീപത്ത് എയർ ഗണ്ണും കത്തി, വാൾ, കോടാലി വെട്ടരിവാൾ, ഉൾപ്പടെ പത്തിലേറെ ആയുധങ്ങളും മദ്യവും ഉണ്ടായിരുന്നു.
Read Also: നഗ്നപൂജ; കൊല്ലം ചടയമംഗലം മന്ത്രവാദ കേസ് പ്രത്യേകസംഘം അന്വേഷിക്കും
നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് സ്ഥലമുടമയേയും മന്ത്രവാദിയേയും കസ്റ്റഡിയിലെടുത്തു. ഇവർ എത്തിയ കാറും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് രാത്രിയിൽ തന്നെ വിട്ടയച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
Story Highlights : Black Magic In Ramankulangara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here