അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ

അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ. ഇതാവശ്യപ്പെട്ട് കൊച്ചിയിലെ എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ജാമ്യ വ്യവസ്ഥ അലൻ ലംഘിച്ചെന്ന് എൻഐഎ കോടതിയെ അറിയിച്ചു. നേരത്തെ ഇക്കാര്യത്തിൻ അലനെതിരെ പൊലീസും സമാന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എസ്എഫ്ഐ പ്രവർത്തകരുമായുള്ള പ്രശ്നത്തിന്റെ പേരിൽ നേരത്തെ അലനെതിരെ പൊലീസ് കേസെടുത്തിരുന്നു.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
മറ്റൊരു കേസിൽ ഉൾപ്പെടാൻ പാടില്ല എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ കോടതി അലൻ ഷുഹൈബിന് ജാമ്യം നൽകിയിരുന്നത്. എന്നാൽ ഈ മാസം ആദ്യം കണ്ണൂർ പാലയാട് ലോ കോളജിൽ ക്യാമ്പസിൽ വെച്ച് വിദ്യാർത്ഥികളെ അക്രമിച്ചെന്ന് കാട്ടി എസ്എഫ്‌ഐ അലനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അലനെതിരെ ധർമ്മടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ചൂണ്ടിക്കാട്ടിയാണ് പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും എസ്എഫ്ഐ പക പോക്കുകയാണെന്നും അലൻ നേരത്തെ ആരോപിച്ചിരുന്നു. 2019-ലാണ് കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് യുഎപിഎ ചുമത്തുകയായിരുന്നു.
Story Highlights: NIA in court seeking cancellation of alan shuhaib bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here