ഡിജിറ്റൽ രൂപ ഇന്ന് എത്തും; കൊച്ചിയില്‍ രണ്ടാംഘട്ടത്തില്‍

റിസർവ് ബാങ്കിന്‍റെ ഡിജിറ്റൽ രൂപ ഇന്ന് പുറത്തിറക്കും. രണ്ട് ഘട്ടമായി 13 നഗരങ്ങളിലാണ് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്കുള്ളിലാണ് ആദ്യ ഘട്ടത്തിൽ ഇടപാടുകൾ നടക്കുക.നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഡൽഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ രൂപ ലഭിക്കുക. ഡിജിറ്റൽ ടോക്കൺ രൂപത്തിലായിരിക്കും രൂപ.
നിലവിൽ ആർ.ബി.ഐ പുറത്തിറക്കുന്ന നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അതേ മൂല്യത്തിലാകും ഡിജിറ്റൽ രൂപ ലഭിക്കുക. ഇത് വഴി ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി, ഫസ്റ്റ് ബാങ്ക് എന്നിവർക്കാണ് വിതരണ ചുമതല. ഈ ബാങ്കുകൾ ഡിജിറ്റൽ വാലറ്റുകൾ അവതരിപ്പിക്കും. ഇതുവഴി ഡിജിറ്റൽ രൂപ മൊബൈൽ ഫോണിലോ ഡിജിറ്റൽ ഉപകരണങ്ങളിലോ സൂക്ഷിക്കാം.
വ്യക്തികൾ തമ്മിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന ഡിജിറ്റൽ രൂപ ആദ്യ ഘട്ടത്തിൽ എല്ലാവർക്കും ഉപയോഗിക്കാനാകില്ല. തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും ഉപഭോക്താക്കളുമാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക.
Read Also: ഡിജിറ്റൽ രൂപ നാളെ എത്തും; എങ്ങനെ ഉപയോഗിക്കണം ?
അതേസമയം കൊച്ചി ഉൾപ്പെടെ 9 നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്.
Story Highlights: RBI to launch digital rupee in 4 cities today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here