ആത്‌മഹത്യയെന്നുറപ്പിച്ച കേസിൽ ഗൂഗിൾ പേ വഴിത്തിരിവായി; തിരുവനന്തപുരത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് ഇക്കഴിഞ്ഞ 28നു കാണാതായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യയെന്നുറപ്പിച്ച കേസിലാണ് നിർണ്ണായക വഴിത്തിരിവ്. പൊഴിക്കരയിൽ നിന്നും പർദ്ദ ധരിച്ചു പോയ പെൺകുട്ടി കളിയിക്കവിളയിലെ ഒരു കടയിൽ ഗൂഗിൾ പേ ഉപയോഗിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. യാത്രയുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം. അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ 24ന് ലഭിച്ചു.
അടിമുടി ദുരുഹമായ തിരോധാനത്തിലാണ് പൊലീസിന്റെ നിർണ്ണായക നീക്കം. ഇക്കഴിഞ്ഞ 28നാണ് പൊഴിയൂരിൽ പൊഴിക്കരയിൽ നിന്ന് പെൺകുട്ടിയെ കാണാതാകുന്നത്. പൊഴിക്കരയിൽ പെൺകുട്ടിയുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയതോടെ ആത്മഹത്യ സംശയിച്ചു. വീട്ടിൽ നിന്ന് കുറിപ്പും, മൊബൈൽ ഫോണും ലഭിച്ചതോടെ ആത്മഹത്യ ഏതാണ്ട് ഉറപ്പിച്ചു. എന്നാൽ എന്താകും ആത്മഹത്യയുടെ കാരണം എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടർന്നു. പൊഴിക്കരയിൽ നിന്ന് മടങ്ങുന്ന വഴിയിലെ സിസിടിവികളിൽ പെൺകുട്ടിയുടെ ശരീരഘടനയുള്ള ഒരു യുവതി പർദ്ദ ധരിച്ചു പോകുന്നത് പൊലീസ് കണ്ടെത്തി. തുടർന്ന് ഇവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവിൽ കളിയിക്കാവിളയിലെ കടയിൽ പർദ്ദ ധരിച്ച സ്ത്രീ എത്തിയതായി സ്ഥിരീകരിച്ചു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 200 രൂപ ഗൂഗിൾ പേ ചെയ്‌താൽ പണമായി നല്കാമോയെന്നു പെൺകുട്ടി ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നും കടക്കാരന്റെ മൊഴി. ഗൂഗിൾ പേ നമ്പർ വിശദമായി പരിശോധിച്ചപ്പോൾ കാണാതായ പെൺകുട്ടിയുടെ ആർക്കുമറിയാത്ത നമ്പറാണെന്നു സ്ഥിരീകരിച്ചു. ഇതോടെ നമ്പറും, നമ്പർ ഉപയോഗിച്ച് മാർത്താണ്ഡത്തെ ബാങ്കിൽ തുടങ്ങിയ അക്കൗണ്ടും പൊലീസ് പരിശോധിച്ചു. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് മുംബൈയിലെ ഒരു ഹോം സ്റ്റേയിലേക്കു പണം കൈമാറിയെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് സംഘം മുംബൈയിലേക്ക്. മുംബൈയിലെ ഒരു കോളനിയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി.
Read Also: തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
നാളെ പെൺകുട്ടിയുമായി പൊഴിയൂർ പൊലീസ് സംഘം കേരളത്തിലെത്തും. പെൺകുട്ടി രഹസ്യമായി മറ്റൊരു മൊബൈൽ നമ്പറും, ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചതിൽ പൊലീസിന് ചില സംശയങ്ങളുണ്ട്. മാത്രവുമല്ല ഇതിനായി സഹായിച്ച മാർത്താണ്ഡം സ്വദേശിയായ യുവാവിനെക്കുറിച്ചും അന്വേഷിച്ചു വരികയാണ്. പെൺകുട്ടിയുടെ യാത്രയുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം.
Story Highlights: girl missing thiruvananthapuram found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here