പിണറായി മുഖ്യമന്ത്രിയായില്ലായിരുന്നെങ്കിൽ ഗെയിൽ പൈപ്പ് ലൈനും നാഷണൽ ഹൈവേ വികസനവും നടക്കില്ലായിരുന്നു; കെ.ടി ജലീൽ

പിണറായി വിജയൻ മുഖ്യമന്ത്രിയായില്ലായിരുന്നെങ്കിൽ ഗെയിൽ പൈപ്പ് ലൈനും നാഷണൽ ഹൈവേ വികസനവും നടക്കില്ലായിരുന്നുവെന്ന് കെ.ടി ജലീൽ എം.എൽ.എ. വിവാദങ്ങൾ വികസനം മുടക്കുന്നോ എന്ന വിഷയത്തിലെ ട്വന്റിഫോർ ജനകീയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ഹൈവേ വികസനം പിണറായി സർക്കാർ വന്നത് കൊണ്ടുമാത്രമാണ് നടന്നത്. സിയാൽ എയർ പോർട്ടിന്റെ കാരണക്കാരൻ കരുണാകരനാണ്. ഇതൊക്കെ ചില ഭരണകർത്താക്കളുടെ കഴിവ് കൊണ്ട് സംഭവിച്ചതാണ്. വിഴിഞ്ഞം പദ്ധതിയെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളോട് കമ്മിറ്റ്മെന്റ് ഉണ്ട്. അവരെ മാറ്റി നിർത്തി ചില ബാഹ്യശക്തികൾ വികസന വിരുദ്ധ ചേരിയുടെ നേതൃത്വം ഏറ്റെടുക്കുകയാണ്. ( KT Jaleel praised Pinarayi Vijayan ).
വികസന വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും പുനർ ചിന്തനം നടത്തണം. പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർക്കുന്നതും ഭരണത്തിലെത്തുമ്പോൾ അനുകൂലിക്കുന്നതുമായ പ്രവണത ഒഴിവാക്കണം. കെ റെയിൽ ഇന്നല്ലങ്കിൽ നാളെ വരും. വികസനത്തിൽ പ്രതിപക്ഷം പിന്തുണച്ചാൽ അതിനെ ജനങ്ങൾ അനുകൂലിക്കുകയേ ഉള്ളൂ. വികസന കാഴ്ച്ചപ്പാടിൽ പ്രതിപക്ഷം സ്ഥായിയായ മാറ്റത്തിന് വിധേയമാകണം. വിഴിഞ്ഞത്ത് 75 ശതമാനം പ്രവൃത്തി പൂർത്തിയായിടത്ത് ഇനി പദ്ധതി നടക്കില്ല എന്ന് പറയാൻ ഇപ്പോൾ എന്ത് ബോധോദയമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.
വിഴിഞ്ഞം പോർട്ട് വന്നാൽ വികസനം നടക്കുമെന്നും എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. എല്ലാ കാലത്തും വിവാദങ്ങൾ വ്യവസായങ്ങൾക്ക് വിലങ്ങുതടിയായിട്ടുണ്ട് എന്നതിൽ തർക്കമില്ല. വ്യവസായ സംരഭങ്ങൾ കേരളത്തിന് ഉതങ്ങുന്നതാവണം എന്നതാണ് തന്റെ നിലപാട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ വ്യവസായങ്ങൾ വരണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വിഴിഞ്ഞം സംഘർഷത്തിന്റെ പേരിൽ മത്സ്യ തൊഴിലാളികളെ ക്രൂശിക്കില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചിരുന്നു. മത്സ്യ തൊഴിലാളികളെ വൈകാരികമായി ഇളക്കി വിടുകയാണ് ചിലർ. ക്രമസമാധാനമല്ല കേന്ദ്ര സേനയെ ഏൽപ്പിക്കുന്നത്. വികസനം, സമാധാനം എന്നീ മുദ്രാവാക്യങ്ങളുമായാണ് എൽഡിഎഫ് ജാഥ നടത്തുന്നത്. പ്രചാരണ ജാഥ മന്ത്രി പി. രാജീവും സമാപന സമ്മേളനം എം.വി ഗോവിന്ദൻ മാസ്റ്ററും ഉദ്ഘാടനം ചെയ്യുമെന്നും ആനാവൂർ നാഗപ്പൻ അറിയിച്ചു.
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ പുറത്തിറങ്ങിയിട്ടുണ്ട്. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന സർക്കാർ വാദം പ്രകോപനപരം. സർക്കാരിന് നിസംഗത മനോഭാവമാണ്. കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു. മാധ്യമങ്ങൾക്കെതിരെയും ലത്തീൻ അതിരൂപത വിമർശനമുന്നയിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സത്യത്തിൻ്റെ ഒരു മുഖം മാത്രമാണ്. വിഴിഞ്ഞം സംഘർഷത്തിനും പൊലീസ് സ്റ്റേഷൻ അക്രമത്തിനും കാരണം പ്രകോപനമാണ്. പ്രകോപന കാരണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ സർക്കുലർ.
Story Highlights: KT Jaleel praised Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here