സെനഗലിനെതിരെ ഇംഗ്ലണ്ടിന് മുന്നേറ്റം

ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ട് സെനഗല്‍ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് മുന്നില്‍. 38-ാം മിനിറ്റില്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സണിലൂടെയാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഹാരികെയ്‌നിലൂടെ വീണ്ടും മനോഹരമായ മുന്നേറ്റം. 48-ാം മിനിറ്റിലാണ് രണ്ടാമത്തെ മനോഹരമായ ഗോള്‍ പിറന്നത്. അട്ടിമറികളൊന്നും സംഭവിക്കാതെ പ്രതീക്ഷിച്ചതുപോലെ ആദ്യപകുതി ഇംഗ്ലണ്ടിന് സ്വന്തമായി.(fifa world cup england vs senegal live updates)
കളിയുടെ ആദ്യ 10 മിനിറ്റുകളില്‍ അത്ഭുതമൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ 70 ശതമാനത്തിലധികം നേരം പന്ത് ഇംഗ്ലണ്ടിന്റെ കൈവശമായിരുന്നു. 23-ാം മിനിറ്റില്‍ സെനഗലിന് മികച്ച അവസരം ലഭിച്ചിട്ടും പക്ഷേ ഇസ്മയില സാറിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ ക്രോസ്ബാറിന് മുകളിലൂടെ പാഞ്ഞു.
തോല്‍വി അറിയാതെ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായി മൂന്ന് സിംഹങ്ങളുടെ കരുത്തോടെ ഇംഗ്ലണ്ടും എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായി എത്തിയ ടെരാംഗന്‍ സിഹംങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ടും സെനഗലും തമ്മില്‍ ഒരു പോരാട്ടമുണ്ടാകുന്നത്.
ഗ്രൂപ്പ് മത്സരഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ നേടി കരുത്തുകാട്ടി തന്നെയാണ് ഇംഗ്ലീഷ് പട സെനഗലുമായി കന്നിപ്പോരാട്ടത്തിനിറങ്ങിയത്. സെനഗലിനെ സംബന്ധിച്ച് ഇന്നത്തേത് അഭിമാനപ്പോരാട്ടവുമാണ്. ഇന്ന് സെനഗലിന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ ഒരേ ലോകപ്പില്‍ മൂന്ന് മത്സരങ്ങള്‍ ആദ്യമായി സ്വന്തമാക്കിയെന്ന സുവര്‍ണ നേട്ടം കൂടിയാകും സെനഗലിന് ലഭിക്കുക.
Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ
കൗലി ബാലി, ഡിയാലോ, സാബിളി,മെന്‍ഡി മുതലായ പോരാളികളാണ് സെനഗലിന്റെ കരുത്ത്. അട്ടിമറിയ്ക്കുള്ള എല്ലാ ആയുധവും സന്നാഹവും തങ്ങള്‍ക്കുണ്ടെന്ന് ഉറപ്പിച്ചാണ് പോരാട്ടം. ഇക്വഡോറിനെതിരായ അവരുടെ 2-1 വിജയം ശ്രദ്ധേയമായിരുന്നു. പല അഗ്നിപരീക്ഷകളും താണ്ടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. യൂറോപ്യന്‍ സ്‌ക്വാഡുമായി കൊമ്പുകോര്‍ക്കുമ്പോള്‍ കളിക്കളത്തില്‍ തീപാറുകയാണ്.
സൂപ്പര്‍ താരം റഹീം സ്റ്റെര്‍ലിംഗില്ലാതെയാണ് ഇംഗ്ലണ്ടിന്റെ പോരാട്ടം. ചില വ്യക്തിപരമായ കാര്യങ്ങള്‍ മൂലമാണ് താരം വിട്ടുനിന്നതെന്നാണ് സൂചന. മാര്‍കസ് റാഷ്‌ഫോര്‍ഡാണ് പകരം ഇറങ്ങിയത്.
Story Highlights: fifa world cup england vs senegal live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here