‘സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പം, പ്രശ്നങ്ങൾ അനുഭാവപൂര്‍ണ്ണം പരിഹരിക്കും’; മുഖ്യമന്ത്രി

വിഴിഞ്ഞം പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറിത്താമസിക്കേണ്ട കുടുംബങ്ങള്‍ക്ക് പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ വാടക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതില്‍ 24.09 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സമരം നടത്തുന്നവര്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും നിയമസഭയിൽ അക്കമിട്ടു നിരത്തി.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസം:
കടലാക്രമണത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെയും വേലിയേറ്റ മേഖലയുടെ 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെയും പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി നടപ്പാക്കിവരികയാണ്. 2,450 കോടി രൂപ അടങ്കലുള്ള പദ്ധതിയാണ് പുനര്‍ഗേഹം. തീരദേശത്തെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം 276 ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, കാരോട്, ബീമാപള്ളി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍, മലപ്പുറം ജില്ലയിലെ പൊന്നാനി, നിറമരുത്തൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കോയിപ്പാടി എന്നിവിടങ്ങളിലും ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇത് പരമാവധി ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മണ്ണെണ്ണ സബ്‌സിഡി:
മണ്ണെണ്ണ വിലവര്‍ദ്ധനയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ലിറ്ററിന് 25 രൂപ എന്ന സബ്‌സിഡി തുടര്‍ന്നും അനുവദിക്കുന്നുണ്ട്. പാരമ്പര്യേതര ഇന്ധനങ്ങളിലേക്ക് മാറുവാനുള്ള പ്രേരണയും അതിനായുള്ള ഒറ്റത്തവണ സബ്‌സിഡിയും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. മണ്ണെണ്ണ സബ്‌സിഡിയിനത്തില്‍ 2016 മുതല്‍ ഇതുവരെ 252.68 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.
കാലാവസ്ഥാ മുന്നറയിപ്പ് വേളകളില്‍ നല്‍കുന്ന സമാശ്വാസം:
കാലാവസ്ഥാ മുന്നറിയിപ്പു കാരണം കടലില്‍ പോകാന്‍ കഴിയാതെവരുമ്പോള്‍ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഒരു കുടുംബത്തിന് 1,200 രൂപ വീതം ആകെ 18.36 കോടി രൂപ അനുവദിച്ചു. 2021 സെപ്റ്റംബറില്‍ കാലാവസ്ഥാ മുന്നറിയിപ്പു കാരണം തൊഴിലിനു പോകാന്‍ കഴിയാതെ വന്നപ്പോള്‍ സഹായമായി 47.84 കോടി രൂപ അനുവദിച്ചു.
മുതലപ്പൊഴി പ്രശ്‌നം:
മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തെപ്പറ്റി ഉയര്‍ന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനെ ഇക്കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭ്യമായാല്‍ തുടര്‍നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കും. ഇത് സമരസമിതിയെ അറിയിച്ചിട്ടുമുണ്ട്.
തീരശോഷണം സംബന്ധിച്ച പഠനം :
പാരിസ്ഥിതികാനുമതി ലഭിച്ച ഘട്ടത്തിലും, എന്‍ ജി ടിയുടെ നിര്‍ദ്ദേശപ്രകാരമുള്ള പഠനങ്ങള്‍ക്കു പുറമെ പ്രദേശവാസികളുടെ ആവശ്യമുയര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പുതിയ വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഈ സമിതി പ്രദേശവാസികളുമായി ആശയവിനിമയം നടത്തി ശാസ്ത്രീയമായ അപഗ്രഥനം നടത്തി റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കുന്നതാണ്. സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ക്കുള്ള മാസവാടക :
ക്യാമ്പില്‍ കഴിയുന്ന 102 കുടുംബങ്ങളും ബന്ധുവീട്ടിലും വാടകവീട്ടിലും കഴിയുന്ന 182 കുടുംബങ്ങളും ഉള്‍പ്പെടെ 284 കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പദ്ധതിബാധിത പ്രദേശമായ കോട്ടപ്പുറത്ത് നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. നിലവിലെ വിഴിഞ്ഞം സി.എച്ച്.സിയെ 80 കിടക്കകളുള്ള ഒരു താലൂക്ക് ആശുപത്രിക്ക് തുല്യമായി ഉയര്‍ത്തുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു. കൂടാതെ കോട്ടപ്പുറം വാര്‍ഡില്‍ 10 കിടക്കകളുള്ള ഒരു ആശുപത്രി സ്ഥാപിക്കുന്നതാണ്. വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി കോട്ടപ്പുറത്ത് ഒരു പകല്‍വീട് സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Story Highlights: Government will resolve issues of fishermen-Chief Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here