നെയ് തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു; തിരിച്ചെടുത്ത് ഫയര്‍ ഓഫീസര്‍

ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു. കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് അഗ്‌നിരക്ഷാ സേനയുടെ ഇടപെടല്‍ മൂലം ആഴിയില്‍ നിന്നും വീണ്ടെടുത്തത്. ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈല്‍ ഫോണും ആഴിയില്‍ വീഴുകയായിരുന്നു. അഗ്‌നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ പി മധുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ ഗണേശന്‍ ഫയര്‍ ഓഫീസര്‍മാരായ വി സുരേഷ് കുമാര്‍ പി വി ഉണ്ണികൃഷ്ണന്‍ ഇന്ദിരാ കാന്ത്, എസ്എല്‍ അരുണ്‍കുമാര്‍ എന്നിവരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നേരിയ പൊള്ളലേറ്റ സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
Story Highlights: mobile phone threw at sabarimala Sannidhanam fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here