സ്വര്‍ണത്തില്‍ മൂടണോ 50,000ന്റെ സാരി വേണോ.. സ്വയം അധ്വാനിച്ചു നേടുക; വിവാഹാര്‍ഭാടത്തില്‍ നിലപാട് പറഞ്ഞ് സരയു മോഹന്‍

വിവാഹ ആര്‍ഭാടങ്ങളില്‍ പെണ്‍കുട്ടികളുടെ പങ്കിനെ കുറിച്ച് തുറന്ന കുറിപ്പുമായി നടി സരയു മോഹന്‍. വില കൂടിയ സാരിയും സ്വര്‍ണാഭരണങ്ങളും ധരിക്കണമെങ്കില്‍ സ്വയം അധ്വാനിച്ചുനേടൂ എന്ന് സരയു മോഹന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ ഇത്തരം ആര്‍ഭാടങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന പെണ്‍കുട്ടികള്‍ വിവാഹം ആകുമ്പോള്‍ മിണ്ടുന്നില്ല.
മാതാപിതാക്കളെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനാകില്ലെന്നും പെണ്‍കുട്ടികള്‍ സ്വയം തിരുത്തുന്നതാണ് നല്ലതെന്നും സരയു മോഹന്‍ പറയുന്നു.
സരയു മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അധ്വാനിച്ചു, വിയര്‍പ്പൊഴുക്കി അച്ഛനമ്മാര്‍ ഉണ്ടാക്കിയെടുത്ത സ്വര്‍ണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാന്‍ എങ്ങനെ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് മനസ്സ് വരുന്നു??? എന്താണ് സോഷ്യല്‍ മീഡിയകളില്‍ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികള്‍ക്ക് വിവാഹം ആകുമ്പോള്‍ നാവിടറുന്നത്…
നിങ്ങള്‍ക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വര്‍ണത്തില്‍ മൂടണോ 50,000ന്റെ സാരി വേണോ…. സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ…. ചെയ്യൂ…. അതിന് ആദ്യമൊരു ജോലി നേടൂ… എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം… അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാന്‍ മറക്കുന്ന ജനത നമ്മള്‍ അല്ലാതെയുണ്ടോ???
പെണ്‍കുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താന്‍ ആകുമെന്ന് അറിയില്ല… അവളുടെ കല്യാണദിവസം മുന്നില്‍ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാല്‍ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും…..നാടടച്ച് കല്യാണം വിളിച്ചു സോഷ്യല്‍ സ്റ്റാറ്റസ് കാണിക്കാന്‍ മക്കളെ സ്വര്‍ണത്തില്‍ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്…. അതിലുമൊക്കെ എളുപ്പം നിങ്ങള്‍ മാറുന്നതല്ലേ?
Story Highlights: sarayu mohan facebook post about wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here