തോൽക്കുമെന്ന് പ്രതീക്ഷിച്ച പ്രദേശങ്ങളിൽ പോലും ഉജ്വല വിജയം; ബിജെപി രചിച്ചത് പുതുചരിത്രം

ഗുജറാത്തിൽ പുതുചരിത്രമെഴുതിയാണ് ബിജെപി അധികാരത്തിലേറുന്നത്. 34 വർഷം തുടർഭരണമെന്ന ബംഗാളിലെ സിപിഐഎമ്മിന്റെ റെക്കോർഡിന് അരികിലേക്ക് എത്തിപ്പിടിക്കുകയാണ് ഗുജറാത്തിൽ ബിജെപി. 1977 -2011 വരെ നീണ്ട 34 വർഷം സിപിഐഎം ബംഗാളിനെ പ്രതിനിധീകരിച്ചു. ആ റെക്കോർഡിന് അരികിലേക്ക് കുതിക്കുകയാണ് ഗുജറാത്തിൽ ബിജെപി. ഒപ്പം മറ്റൊരു റെക്കോർഡും ബിജെപി തിരുത്തിക്കുറിക്കുന്നുണ്ട്. അത് കോൺഗ്രസിന്റേതാണ്. ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്ന കാലത്ത് 149 സീറ്റുകളാണ് നേടിയിരന്നത്. ആ റെക്കോർഡ് പതിറ്റാണ്ടുകളോളം തകർക്കപ്പെടാതെ പോന്നു. ഇന്ന് ആ റെക്കോർഡും 156 സീറ്റുകളുമായി ബിജെപി തകർത്തിരിക്കുകയാണ്. ( bjp won in seats that were expected to lose )
ബിജെപിക്ക് അടിപതറുമെന്ന് കരുതിയ പ്രദേശങ്ങളിലെല്ലാം പാർട്ടി നടത്തിയത് മിന്നും പ്രകടനമാണ്. പതിറ്റാണ്ടുകളായി ബിജെപിയുടെ ആധിപത്യം പ്രകടമായ സംസ്ഥാനത്ത് ഒരിക്കൽ പോലും വിജയിക്കാൻ പറ്റാത്ത പ്രദേശങ്ങളുണ്ടായിരുന്നു. ബോർസാദിൽ 91320 വോട്ടുകളും ഝഗാദിയയിൽ 89552 ഉം വ്യാരയിൽ 69024 ഉം, ഭിലോദയിൽ 89626 ഉം, മഹുദയും 91453 ഉം, അങ്കലവിൽ 68906 ഉം വോട്ടുകൾ നേടിയാണ് ബിജെപി ആദ്യമായി ഇവിടെ ആധിപത്യം സ്ഥാപിച്ചത്.
മേൽപറഞ്ഞ സീറ്റുകളിലെല്ലാം ഗോത്ര വിഭാഗങ്ങൾക്കാണ് മേൽക്കൈ. ഇവിടെ ചില സീറ്റുകൾ എസ്ടി സംവരണ സീറ്റുകളുമാണ്. ഇവിടെയൊന്നും ഹിന്ദുത്വ രാഷ്ട്രീയം വേരുപിടിക്കാത്തതിരുന്നതിന്റെ ഒരു കാരണം ഈ ഗോത്ര വിഭാഗങ്ങളുടെ വിശ്വാസങ്ങളഉം ആചാരങ്ങളും ബിജെപി മുന്നോട്ട് വയ്ക്കുന്ന ഹൈന്ദവ ആചാരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കാലാകാലങ്ങളായി പരമ്പരാഗത കോൺഗ്രസ് അനുകൂലികളുമാണ് ഇവർ. അതിശക്തമായ തന്ത്രം കൊണ്ടല്ലാതെ ഇവിടുത്തെ കോൺഗ്രസ് മണ്ണിളക്കാൻ ബിജെപിക്ക് സാധിക്കില്ല. എന്നാൽ ഇത്തവണ ഈ ധാരണകളെല്ലാം തിരുത്തിക്കുറിച്ചിരിക്കുകയാണ് ബിജെപി.
135 പേരുടെ മരണത്തിന് സാക്ഷ്യം വഹിച്ച മോർബിയുടെ കാര്യവും എടുത്ത് പറയേണ്ടതുണ്ട്. മോർബി ദുരന്തത്തിന്റെ പേരിൽ സിറ്റിംഗ് എംഎൽഎ ആയിരുന്ന ബ്രിജേഷ് മേർജ ഏറെ ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ പ്രതിഛായ രക്ഷിക്കാൻ ബിജെപി മണ്ഡലത്തിലിറക്കിയത് മോർബി ദുരന്തത്തിനിടെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിനായി പുഴയിലേക്ക് എടുത്ത് ചാടിയ കാന്തിലാൽ അമൃതിയയെ ആണ്. ഈ സ്ട്രാറ്റജിയും വിജയം കണ്ടു.
Story Highlights: bjp won in seats that were expected to lose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here