മാൻഡോസ് ചുഴലിക്കാറ്റ് കരതൊടുന്നത് തമിഴ്നാട്ടിലെ മഹാബലിപുരത്ത്; കനത്ത ജാഗ്രത

മാൻഡോസ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് കരകടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ മഹാബലിപുരത്താണ് കാറ്റ് കരതൊടുന്നത്. വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറും. ചെന്നൈയിൽ നിന്നും 520 കിലോമീറ്റർ അകലെയാണ് ഇപ്പോൾ കാറ്റുള്ളത്. ( cyclone mandous landfall in Mahabalipuram ).
മണിക്കൂറിൽ 12 കിമീ ആണ് കാറ്റിൻ്റെ വേഗത. കരകടക്കുമ്പോൾ 85 കി.മീ വരെ വേഗമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 2016ൽ ചെന്നൈയിൽ കനത്ത നാശം വിതച്ച വർധ ചുഴലിക്കാറ്റിനു സമാനമാകുമോ ‘മാൻഡോസ്’എന്ന ആശങ്കയിലാണ് ചെന്നൈ നഗരവാസികൾ.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ടു ദിവസത്തേയ്ക്ക് തമിഴ്‌നാട്ടിൽ നിരവധി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട്, കാഞ്ചീപുരം ജില്ലകളിലാണ് റെഡ് അലേർട്ട്. നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, കടലൂർ, മൈലാടുതുറൈ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്.
തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ ശ്രീലങ്കൻ തീരപ്രദേശങ്ങളിൽ ഡിസംബർ 8 മുതൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കാറ്റിൻറെ തീവ്രത 70 കിലോമീറ്റർ ആവാനും സാധ്യതയുണ്ട്. ഡിസംബർ 9നും 10നും ഇത് മണിക്കൂറിൽ 90 കി.മീ വേഗതയിലെത്തും.
Story Highlights: cyclone mandous landfall in Mahabalipuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here