ഗുജറാത്തിൽ മത്സരിച്ചത് 139 വനിതകൾ; വിജയിച്ചത് 15 പേർ, 14 ഉം ബിജെപി സ്ഥാനാർത്ഥികൾ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 പേർ ജയിച്ചപ്പോൾ ഇത്തവണ 15 പേർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വതന്ത്രരിൽ നിന്നുമായി 139 വനിതാ സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.
വിജയിച്ച 15 പേരിൽ 14 ഉം ബിജെപി സ്ഥാനാർത്ഥികളാണ്. കോൺഗ്രസിൽ നിന്ന് ഒരു വനിതാ സ്ഥാനാർത്ഥിയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി ആകെ 18 സ്ത്രീകൾക്ക് ടിക്കറ്റ് നൽകിയപ്പോൾ കോൺഗ്രസ് 14 പേർക്ക് അവസരം നൽകി. 2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയും കോൺഗ്രസും ഇത്തവണ കൂടുതൽ ദളിത്, ആദിവാസി വനിതാ സ്ഥാനാർത്ഥികളെയാണ് പരിഗണിച്ചത്.
വിജയിച്ച വനിതാ സ്ഥാനാർത്ഥികളിൽ നാല് പേർ പട്ടികജാതി (എസ്‌സി) സമുദായത്തിൽ നിന്നുള്ളവരും രണ്ട് പേർ പട്ടികവർഗ (എസ്ടി) വിഭാഗത്തിൽപ്പെട്ടവരുമാണ്. ആം ആദ്മി പാർട്ടി അഞ്ച് വനിതാ സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ ബഹുജൻ സമാജ് പാർട്ടി 12 പേർക്ക് അവസരം നൽകി. എന്നാൽ അവർക്കൊന്നും സംസ്ഥാന നിയമസഭയിൽ എത്താനായില്ല. 2012ൽ വിജയിച്ച വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം 16 ആയിരുന്നു. 2017 തെരഞ്ഞെടുപ്പിൽ വിജയിച്ചത് 13 വനിതകൾ. ഇതിൽ ഒരാൾ 2021 ഡിസംബറിൽ അന്തരിക്കുയും ചെയ്തു. ഈ സീറ്റിലേക്ക് പിന്നീട് ഉപ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
Story Highlights: 15 Out Of 139 Women Candidates Won Gujarat Assembly Polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here