ശബരിമലയിലെ തിരക്ക്; നിലയ്ക്കലിലെ പാർക്കിങ് കേന്ദ്രം നിറഞ്ഞു, റോഡിൽ ഗതാഗതക്കുരുക്ക്

ശബരിമലയിലെ തിരക്കിനെ തുടർന്ന് നിലയ്ക്കലിലെ പാർക്കിങ് കേന്ദ്രം നിറഞ്ഞു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതോടെ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. നിലയ്ക്കലിൽ നിന്ന് തുലാപ്പള്ളി വരെ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയാണ്. ശബരിമല സർവീസിൽ ചരിത്ര നേട്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഇത്തവണ ലഭിച്ചുകൊണ്ടിരിക്കുന്നത്. മണ്ഡലകാലം തുടങ്ങി നിലയ്ക്കൽ ഡിപ്പോയിൽ നിന്ന് ഏഴ് കോടി വരുമാനം ലഭിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്.
ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് കോടതിയുടെ ഉത്തരവുണ്ട്. ആരും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണം. നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി വ്യക്തമാക്കി.
Read Also: ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക വിളക്ക്
ശബരിമല ദർശനത്തിന് 48,000 രൂപയ്ക്കു കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ യാത്രയും വിഐപി ദർശനവും വാഗ്ദാനം ചെയ്തു കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് കമ്പനി പരസ്യം നൽകിയതിന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലാതെ സർവീസ് നടത്തുന്നത് എങ്ങനെ എന്നതുൾപ്പെടെ കമ്പനിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച കോടതി, നേരത്തെ കേസ് പരിഗണിക്കുമ്പോൾ പരസ്യം പിൻവലിക്കാൻ കമ്പനിയോടു നിർദേശിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്.
Story Highlights: Crowd at Sabarimala; Traffic jam on the road in Nilakkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here