Advertisement

തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ ബെംഗളൂരു എഫ്‌സി

December 11, 2022
2 minutes Read

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. സീസണിൽ മിന്നുന്ന ഫോമിലേക്കെത്തിയ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരേയും വിജയിച്ച് കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്.

ഐഎസ്‌എൽ റാങ്കിങ്ങിൽ നിലവിൽ ആറാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി നാല് മത്സരങ്ങൾ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. അവസാന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ 0-1ന് ജയിച്ച ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലാദ്യമായാണ് തുടർച്ചയായ നാലു മത്സരങ്ങളിൽ വിജയിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം ഡിമിട്രിയോസ് ഡയമന്റകോസ് കഴിഞ്ഞ നാലു മത്സരങ്ങളിലും ഗോൾ നേടിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

“കേരളത്തിലെ ആരാധകർക്ക് ഇത് വളരെ പ്രധാനപ്പെട്ട മത്സരമാണെന്ന് ഞങ്ങൾക്കറിയാം. ഇത് തെക്കിന്റെ പോരാട്ടമാണ്, അതിൽ എല്ലായ്പ്പോഴും ആവേശമുണ്ട്. ബെംഗളൂരു നല്ല ടീമാണ്, അവർക്ക് വളരെ മികച്ച കളിക്കാരുണ്ട്. ഞങ്ങൾ വളരെ ആത്മവിശ്വാസത്തിലാണ്. തീർച്ചയായും, ഞങ്ങൾ ഹോം ഗ്രൗണ്ടിൽ ജയിക്കും”-ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം റാങ്കിങ്ങിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ താഴെ ഒമ്പതാം സ്ഥാനത്താണ് ബെംഗളൂരു എഫ്‌സി. ഈ മത്സരത്തിൽ വിജയിക്കാനായാൽ റാങ്കിങ്ങിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കുയരാൻ ബെംഗളുരുവിനാകും. കൂടാതെ തുടർച്ചയായ തോൽവിയുടെ ക്ഷീണം മറികടക്കാനാകുമെന്നതും ഈ മത്സരം ബെംഗളൂരു എഫ്‌സിക്കും നിർണായകമാക്കുന്നു. അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. എട്ട് ലീഗ് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ബെംഗളൂരു എഫ്‌സിക്ക് ഗോളടിക്കാനായത്.

Story Highlights:  Kerala Blasters aim to keep winning run going against Bengaluru FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top