Advertisement

സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റൽ സർവേ സൗജന്യമല്ല; സർവേയ്ക്കായി ചെലവാകുന്ന തുക ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കും

December 13, 2022
2 minutes Read
kerala land survey cost will be deducted from people

സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റൽ സർവേ സൗജന്യമല്ല. സർവേയ്ക്കായി ചെലവാകുന്ന 858 കോടിയും ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കും.സർവേയ്ക്കായി സർക്കാർ ചെലവാക്കുന്ന തുക ഭൂ ഉടമകളുടെ കുടിശികയായി കണക്കാക്കും. വില്ലേജ് ഓഫീസിൽ കരം അടയ്ക്കുമ്പോൾ ഈ തുക ഭൂ ഉടമകൾ തിരികെ നൽകണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ( kerala land survey cost will be deducted from people )

ഭൂമിയുടെ കൃത്യതയും അതിരും നിശ്ചയിക്കാനുള്ള റീസർവേ വർഷങ്ങളായി അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്. 1550 വില്ലേജുകളിലാണ് സർവേ. വില്ലേജിന്റെ സമഗ്ര സർവേയാണ് നടത്തുന്നത്. ആധുനിക സങ്കേതങ്ങളും ഡ്രോണും ഉപയോഗിച്ചുമാകും സർവേ. റവന്യൂ, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിച്ച് സുതാര്യവും കാലികവുമായ രേഖകൾ പദ്ധതിയിൽ തയ്യാറാക്കും. പദ്ധതിക്കായി 858 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ തുക ജനങ്ങളിൽ നിന്നും പിരിച്ചെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. പദ്ധതിക്കാവശ്യമായ ചെലവ് ആദ്യം സർക്കാർ വഹിക്കും. എന്നാൽ ഈ തുക ഭൂ ഉടമസ്ഥരുടെ കുടിശിക തുകയായി കണക്കാക്കും.

സർവേയ്ക്കുശേഷം റെക്കോർഡുകൾ റവന്യൂ ഭരണത്തിന് കൈമാറുകയും വില്ലേജ് ഓഫീസുകളിൽ കരം അടയ്ക്കുമ്പോൾ ഈ തുക ഭൂ ഉടമകൾ തിരികെ അടയ്ക്കുകയും വേണം. 1961ലെ കേരള സർവേ അതിരടയാള നിയമം സെക്ഷൻ 7 പ്രകാരം തുക തിരിച്ചു പിടിക്കാവുന്നതാണെന്ന് സർവേ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകുകയായിരുന്നു. ലാന്റ് റവന്യൂ കമ്മിഷണറും ഈ ആവശ്യത്തെ പിന്തുണച്ചു. തുടർന്നാണ് സർവേ ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചു ജനങ്ങളിൽ നിന്നും തുക തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്.

Story Highlights: kerala land survey cost will be deducted from people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top