മറഡോണയില്‍ അവസാനിച്ച വിജയ ചരിത്രം കാലം മെസ്സിയിലൂടെ പൂര്‍ത്തിയാക്കുമോ?

അർജന്റീനയുടെയും ലയണൽ മെസിയുടെയും സ്വപ്നങ്ങളിലേക്ക് ഒരു മത്സരം മാത്രം ഇനി ബാക്കി. 8 വർഷം മുമ്പ് കൈവിട്ട് പോയതിനെ തിരിച്ച് പിടിക്കാൻ മെസിപ്പട എത്തുകയാണ്. ഞായറാഴ്ച രാത്രി ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഒരിക്കൽ കൂടി മടങ്ങി വരാൻ ആവശ്യത്തിലുമധികം ആനന്ദവും ആത്മവിശ്വാസവും സ്വന്തമാക്കിയാണ് ഇന്നലത്തെ മടക്കം.
ഇക്കണ്ടതൊന്നുമല്ല കളി, ഇന്നീക്കാണുന്നതാണെന്ന് പതിനൊന്ന് ജോഡി കാലുകൾ കാണിച്ച് തന്ന മത്സരം. അർജന്റീന ഖത്തറിൽ കളിച്ചതിൽ ഏറ്റവും നല്ല മത്സരം. ക്രൊയേഷ്യക്കാർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. സ്കലോണി തയ്യാറാക്കി തന്ത്രത്തിൽ ലൂക മോഡ്രിചും കൂട്ടാളികളും വീണ് പിടഞ്ഞു. സ്കലോനിയൻ വിജയത്തിന് വീര്യം കൂട്ടി ലയണൽ മെസി പഴയ വീഞ്ഞ് പോലെ മധുരിതനായി. ഒരേ സമയം നർത്തകനായും മാന്ത്രികനായും മാറി.
ഇരുപത്തിരണ്ട് കാരൻ ഹൂലിയൻ ആൽവരെസ് ബാറ്റിസ്റ്റ്യൂട്ടയെയോ കെമ്പസിനെയോ ഓർമിപ്പിച്ചു. ക്രോട്ടുകളെ വഴി തെറ്റിച്ച് മൊളീന പല വഴിക്ക് ഓടിക്കളിച്ചു. പകരക്കാരനെന്നെന്നെ വിളിക്കരുതെന്ന് ടാല്യാഫിക്കോയുടെ കാലുകൾ പറഞ്ഞു. ഒട്ടമൻഡിക്കും റൊമേറോക്കും നിധി കാക്കുന്ന ഏതോ കോട്ടയുടെ
കാവൽക്കാരുടെ ഛായയായി. മക് അലിസ്റ്ററും എൻസോയും വെള്ളം പോലെ പരന്നൊഴുകി. ഡി പോളും പരേഡസും ക്രോട്ടുകളുടെ കാലുകളിൽ നിന്ന് പന്തുകൾ റാഞ്ചുന്ന പരുന്തുകളായി.
ഇനിയൊരിക്കൽ കൂടി അവർ ലുസൈലിലേക്ക് മടങ്ങിവരും. ഇന്നലെ ആനന്ദ നൃത്തമാടിയ ലുസൈലിലേക്ക്, മൂന്നാഴ്ച മുമ്പ് സൗദിയോട് തോറ്റ് കലങ്ങിയ കണ്ണുകളുമായി മടങ്ങിയ ലുസൈലിലേക്ക്. അന്ന് പൂർത്തിയാകുമോ അറേബ്യൻ വൃത്തത്തിൽ അർജന്റീന എഴുതിതുടങ്ങിയ കവിത. രണ്ടാം സെമിക്കൊരുങ്ങുന്ന ഫ്രഞ്ചുകാരേ, മൊറോക്കോക്കാരെ നിങ്ങളെയവിടെ അർജന്റീന കാത്തിരിക്കുന്നു.
Story Highlights: Will Messi complete the winning streak that ended with Maradona?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here