കൊലപാതകം, നിരവധി ബലാത്സംഗങ്ങൾ, ഒട്ടനവധി കേസുകൾ; കുപ്രസിദ്ധ കുറ്റവാളി ആന അഭിലാഷ് പിടിയിൽ

കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഇടുക്കിയിൽ അറസ്റ്റിൽ. കുപ്രസിദ്ധ കുറ്റവാളിയായ കട്ടപ്പന സ്വദേശി പോത്തൻ അഭിലാഷ് എന്ന ആന അഭിലാഷിനെയാണ് പിടികൂടിയത്. പ്രതിക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. ( Murder Notorious criminal Ana Abhilash arrested ).
വളരെ ചെറുപ്പം മുതലേ മറ്റുള്ളവരെ ക്രൂരമായി പരുക്കേൽപ്പിക്കുന്ന സ്വഭാവമുള്ളയാളാണ് പ്രതി. 2009ൽ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൂടാതെ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. നിരവധി തവണ സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള പ്രതി 2013 ൽ സ്വന്തം ഭാര്യയുടെ പിതാവിനെ യാതൊരു പ്രകോപനവും കൂടാതെ ഭാര്യപിതാവിന്റെ വള്ളക്കടവിൽ ഉള്ള വീട്ടിൽ ചെന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
2018ൽ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചു. പ്രതി തന്റെ അയൽവാസിയും, താൻവിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ചു തന്റെ ജീവൻ രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവറുമായ ഷാജിയെ 2019 ഡിസംബർ ഇരുപത്തിയഞ്ചാം തീയതി മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഇയാളുടെ ഒരു വശം തളർന്നു പോയി. അന്നു വെട്ടേറ്റ ഷാജി ഇന്നും തളർന്നു കിടപ്പാണ്.
Read Also: തൃക്കരിപ്പൂരിലെ പ്രിജേഷിന്റെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ
ഈ കേസിൽ ഒരു വർഷത്തോളം ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്ന് ഒരു വർഷത്തിനുശേഷമാണ് പൊലീസ് പിടികൂടിയത്. അതിനുശേഷം ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. എന്നിട്ടും പക തീരാത്ത പ്രതി തന്റെ സഹോദരിയുടെ 17 വയസ്സുള്ള മകനെ വീട്ടിൽ അതിക്രമിച്ചു കയറി പരിക്കേൽപ്പിച്ചു. ശേഷം ഒളിവിൽ കഴിഞ്ഞു വരവേയാണ് കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഇടുക്കി ശാന്തൻപാറ കെ.ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ് സാഹസികമായും തന്ത്രപരമായും ഏലക്കാടുകൾക്കിടയിലൂടെ ഓടിച്ചിട്ട് പിടികൂടിയത്.
ഇയാൾ ജയിലിൽ നിന്നും ഇറങ്ങുന്ന സമയങ്ങളിൽ സമീപവാസികൾ മരണ ഭയത്തോടെ കൂടിയാണ് കഴിയുന്നത്. ഏതുസമയവും പ്രതിയുടെ ആക്രമം ഉണ്ടാവുമെന്ന് ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികൾ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ല. ഇപ്പോൾ ഇയാൾ അയൽവാസികളെ കൂടാതെ അടുത്ത ബന്ധുക്കളെയും സഹോദരങ്ങളെയും വരെ ആക്രമിക്കുന്ന തരത്തിലേക്ക് മാറി. ഇയാൾക്കെതിരെ സാക്ഷി പറയുവാൻ ആളുകൾക്ക് ഭയമാണ്. ഇനി ആരെങ്കിലും സാക്ഷി പറഞ്ഞാൽ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയശേഷം അവരെ ആക്രമിക്കുകയാണ് പതിവ്.
ഇയാളെ ഭയന്ന് സമീപവാസികൾ വാസസ്ഥലം ഉപേക്ഷിച്ചു പോവുകയാണെന്ന് പൊലീസ് പറയുന്നു. പൊലീസ് പിടികൂടാൻ ശ്രമിക്കുമ്പോഴെല്ലാം പൊലീസിന് നേരെ കത്തി വീശി രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ് ശൈലി. നിലവിൽ കാപ്പാ നിയമപ്രകാരം വാറണ്ട് ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ അയച്ചിരിക്കുകയാണ്. കൊലപാതകശ്രമം, കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Murder Notorious criminal Ana Abhilash arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here