‘വേദനിക്കുന്നവർക്ക് വേദനസംഹാരിയാകാനും അവരുടെയെല്ലാം കണ്ണീരൊപ്പുന്ന തൂവാലയാകാനും കഴിയുന്നു’; വൈറലായി കുറിപ്പ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നന്മയെ പ്രശ്സിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എത്ര തിരക്കുകൾക്കിടയിലും വേദനിക്കുന്നവർക്ക് ആശ്വാസമാകുകയും, അവരെ ചേർത്ത് പിടിച്ച് ധൈര്യം പകരുകയും ചെയ്യുന്ന വ്യക്തിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെന്ന് കുറിപ്പിൽ പറയുന്നു. ( fb post about sadiq ali shihab thangal )
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം കാണാം :
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രോഗിയായ ആ ചെറുപ്പക്കാരന്റെ വേദനയിൽ ആശ്വാസം പകരുക മാത്രമായിരുന്നില്ല, വേദന ഒപ്പിയെടുക്കുക കൂടിയാണെന്നാണ് ആ നിമിഷങ്ങൾക്ക് സാക്ഷിയായപ്പോഴെനിക്ക് തോന്നിയത്. കഴുത്തിന് താഴെ ചലന ശേഷിയില്ലാതെ, അത്യധികം വേദനയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും ആ ചെറുപ്പക്കാരന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി വിവരണാതീതമായിരുന്നു. ഒരു വർഷത്തിലധികമായി കഴിച്ചു തീർത്ത വേദന സംഹാരികളേക്കാൾ ഫലം ഈയൊരു കൂടിക്കാഴ്ചക്ക് നൽകാനായിട്ടുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടെന്ന് തോന്നി.
ഒരു വർഷം മുമ്പ് പുഴയിൽ കുളിക്കാൻ പോകുമ്പോൾ കാൽ തെറ്റി വീണ് ചലനശേഷി നഷ്ടപ്പെട്ട യുവാവ് മട്ടന്നൂർ പൂക്കോയ തങ്ങൾ ഹോസ്പീസിന്റെ ആംബുലൻസിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് പാണക്കാട്ടെത്തിയത്. പാണക്കാട്ടെ പതിവു തിരക്കുകളിലേക്ക്…
പാണക്കാട്ടെ തങ്ങളോട് ആവലാതികളും വേദനകളും പറയാൻ അപ്പോഴും നിരവധിയാളുകൾ ആ മേശക്ക് ചുറ്റുമുണ്ടായിരുന്നു. യൂവാവിനെ അനുഗമിച്ചെത്തിയവർ വിവരം പറഞ്ഞപ്പോൾ മൗനിയായി തങ്ങൾ എല്ലാം കേട്ടിരുന്നു. പിന്നെ ചുറ്റും കൂടി നിന്നവരോട് ഇപ്പോ വരാമെന്നും പറഞ്ഞ് മുറ്റത്ത് ആംബുലൻസിൽ കാത്തുകിടന്ന യുവാവിന്റെ അരികിലെത്തി.
അസംഖ്യം തിരക്കുകൾക്കിടയിലും തന്നെ പരിഗണിക്കാനിറങ്ങി വന്ന തങ്ങളെ ഒരു ചെറുപുഞ്ചിരിയോടെയാണ് ആ യുവാവ് എതിരേറ്റത്. വേദനമുറ്റിയ മുഖത്തേക്ക് തങ്ങൾ ആശ്വാസ വാക്കുകൾ ചൊരിഞ്ഞു. വേദനകളിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനുള്ള ആത്മധൈര്യം പകർന്നു. അസുഖം എത്രയും പെട്ടെന്ന് ഭേദമാകാൻ പ്രാർത്ഥിച്ചു…
പാണക്കാട്ടെ തങ്ങന്മാർ പതിറ്റാണ്ടുകളായി ഒരു ജനതക്ക് നൽകിക്കൊണ്ടിരിക്കുന്നത് അതുതന്നെയാണ്. വേദനിക്കുന്നവർക്ക് വേദനസംഹാരിയാകാനും അവരുടെയെല്ലാം കണ്ണീരൊപ്പുന്ന തൂവാലയാകാനും അവർക്ക് കഴിയുന്നു. വിഷമഘട്ടങ്ങളിൽ സമൂഹത്തെ മുന്നോട്ട് നയിക്കുന്ന നേതാക്കളാകുന്നു. കേരളത്തിലെ മറ്റൊരു കുടുംബത്തിനും മറ്റൊരു നേതാക്കൾക്കും അവകാശപ്പെടാൻ പോലും കഴിയാത്തത്രയും നന്മകൾ ചെയ്തുകൊണ്ടേയിരിക്കുന്നു…ഇനിയും ഒരുപാട് കാലം സമൂഹത്തെ നേർമാർഗത്തിൽ നയിക്കാനും അനേകം മനുഷ്യരുടെ വിഷമങ്ങൾ പരിഹരിക്കാനും പാണക്കാട്ടെ തങ്ങന്മാർക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ.
Story Highlights: fb post about sadiq ali shihab thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here