ചെന്നൈയിലെ മോശം റെക്കോർഡ് തിരുത്തണം; ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ

ആദ്യ നാലിലെത്തുകയെന്ന ലക്ഷ്യവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ. ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഇതുവരെ ചെന്നൈയിൽ വിജയിക്കാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിന് ആ മോശം റെക്കോർഡ് തിരുത്തേണ്ടതുണ്ട്. തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ച് തകർപ്പൻ ഫോമിലുള്ള ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ആറാമതാണ്.
നവംബർ അഞ്ചിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ആരംഭിച്ച യാത്ര പിന്നീട് കരുത്തരായ എഫ്സി ഗോവ (3-1), ഹൈദരാബാദ് എഫ്സി (0-1) വഴി ജംഷഡ്പൂർ എഫ്സിയിലൂടെ (0-1) തുടർന്നു. ഏറ്റവും ഒടുവിൽ ചിരവൈരികളായ ബെംഗളൂരു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയ ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലാദ്യമായി തുടരെ അഞ്ച് മത്സരങ്ങൾ വിജയിക്കുകയും ചെയ്തു. മൂന്ന് തുടർ തോൽവികൾക്ക് ശേഷം അതിഗംഭീരമായി തിരികെയെത്തിയ ബ്ലാസ്റ്റേഴ്സ് കിരീടപ്പോരിൽ മുന്നിലുണ്ട്. ഇന്നത്തെ കളി വിജയിക്കാനായാൽ 21 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കുയരും. സമനില ആണെങ്കിൽ 19 പോയിൻ്റുമായി നാലാം സ്ഥാനത്തേക്കും എത്തും.
ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ചില ഒരുക്കങ്ങൾ നടത്തിയെന്ന് ചെന്നൈയിൻ പരിശീലകൻ തോമസ് ബർദാറിച്ച് പറഞ്ഞു. ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിനു മുന്നോടിയായി തങ്ങൾ പ്രത്യേകം പരിശീലനം നടത്തി. ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യം എങ്ങനെ മുതലാക്കാനാകുമെന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആക്രമിക്കാൻ മിടുക്കരാണ് അവർ. അതിനെ നേരിടാൻ ചില പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: kerala blasters chennaiyin fc today isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here