Advertisement

അര്‍ജന്റീനിയന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ ചുടുകണ്ണീര്‍; അയല്‍വാസികളില്‍ നിന്നും പ്രശംസ; പുത്തന്‍ ഉണര്‍വില്‍ ലാറ്റിന്‍ അമേരിക്ക

December 19, 2022
3 minutes Read

പ്രാണവായുവില്‍ പോലും ഫുട്‌ബോള്‍ ആവേശമുള്ള ഒരു നാടിന് ലോകകിരീടം ചൂടാന്‍ കാത്തിരിക്കേണ്ടി വന്നത് നീണ്ട 36 വര്‍ഷങ്ങളാണ്. മിശിഹായുടെ കൈകളില്‍ കപ്പ് അമരുമ്പോള്‍ അര്‍ജന്റീനിയന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ കടലിരമ്പി. ഭൂരിഭാഗം ആരാധകരും കരഞ്ഞുപോയി. പെനാലിറ്റി സമയത്ത് കളി കാണാന്‍ ധൈര്യം പോലുമില്ലാതെ പലരും മുഖം പൊത്തിനിന്നിരുന്നു. കുറച്ചുപേരൊക്കെ യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് വളരെപ്പെട്ടെന്ന് തിരികെ വന്നു. അവര്‍ അര്‍ജന്റീനയെന്നും മെസിയെന്നും അലറി. വികാരങ്ങളുടെ റോളര്‍ കോസ്റ്റില്‍ പെട്ടിരുന്ന ഭൂരിഭാഗം പേര്‍ക്കും സംഭവിച്ചത് സ്വപ്‌നമോ സത്യമോ എന്ന് മനസിലാക്കാന്‍ സമയമെടുത്തു. (Massive celebrations for Messi’s first title, and Argentina’s first since 1986)

ഫുട്‌ബോള്‍ ആരാധകരില്‍ പലരും ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ മറഡോണയേയും ഓര്‍ത്തു. അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് ഈ വിജയം കണ്ട് ആഹ്ലാദിക്കുമെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടമെന്ന് പ്രതികരണം തേടിയെത്തിയ അന്താരാഷ്ട്ര മാധ്യമങ്ങളോട് ജനങ്ങള്‍ പറഞ്ഞു. തെരുവുകള്‍ ജനസാഗരങ്ങളായി. എങ്ങും നീലയും വെള്ളയും മാത്രമായി. പതാക കാറ്റില്‍ പാറിപ്പറന്നു. ത്യാഗം തങ്ങളുടെ രക്തത്തിലുള്ളതാണെന്നും പക്ഷേ ഇത്തവണ വിജയം ഞങ്ങളുടേതാണെന്ന് ഉറപ്പിച്ചിരുന്നെന്നും ജനങ്ങള്‍ ആര്‍ത്തുവിളിച്ചു.

പ്രസിഡന്റ് ആര്‍ബേര്‍ട്ടോ ഫെര്‍ണാണ്ടസും ആഘോഷത്തില്‍ നിന്ന് മാറി നിന്നില്ല. നമ്മള്‍ വിട്ടുകൊടുക്കില്ലെന്ന് തെളിയിച്ച ടീമിനോട് കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ മികച്ച ജനതയാണ്. നമ്മുക്ക് മികച്ച ഭാവിയുമുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Read Also: ‘പത്താം നമ്പര്‍ കുപ്പായം അദ്ദേഹത്തിന്റേത് തന്നെയായിരിക്കും’; അടുത്ത ലോകകപ്പിലും മെസി ഉണ്ടാകണമെന്ന് സ്‌കലോണി

അര്‍ജന്റീന സ്വന്തമാക്കിയ സ്വപ്‌ന നേട്ടത്തെ മനസ് തുറന്ന് അഭിനന്ദിക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് ഇലക്ട് ലുല ഡിസെല്‍വയും മറന്നില്ല. അര്‍ജന്റീന്‍ അയല്‍ക്കാരുടെ വിജയത്തില്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് ലുല ട്വീറ്റ് ചെയ്തു. അര്‍ജന്റീനിയന്‍ സഹോദരങ്ങള്‍ക്ക് ഗാഢമായ ഒരു ആലിംഗനം നല്‍കുന്നുവെന്നായിരുന്നു ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്കിന്റെ പ്രതികരണം.

ഫുട്ബാള്‍ ചരിത്രം കണ്ട ഇതിഹാസകാരന്മാരില്‍ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയില്‍ അവസാന മത്സരം കളിച്ചുതീര്‍ത്തപ്പോള്‍ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂര്‍ത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്.

മൂന്നാം ലോക കിരീടമെന്ന ഫ്രഞ്ച് സ്വപ്‌നങ്ങള്‍ക്ക് മീതേ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഉദിച്ചുയര്‍ന്ന് മിശിഹായും മാലാഖയും. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേദസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത് കിലിയന്‍ എംബപെ, കോളോ മുവാനി എന്നിവര്‍ മാത്രമായിരുന്നു.

Story Highlights: Massive celebrations for Messi’s first title, and Argentina’s first since 1986

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top