‘പത്താം നമ്പര്‍ കുപ്പായം അദ്ദേഹത്തിന്റേത് തന്നെയായിരിക്കും’; അടുത്ത ലോകകപ്പിലും മെസി ഉണ്ടാകണമെന്ന് സ്‌കലോണി

അര്‍ജന്റീനയുടെ മിശിഹ ലയണല്‍ മെസി കളത്തിലിറങ്ങുന്ന അവസാന ലോകകപ്പ് മത്സരമെന്നത് കൂടിയാണ് അര്‍ജന്റീനയുടെ ഫൈനല്‍ പോരാട്ടത്തിന് സമ്മര്‍ദവും ആവേശവും ഇരട്ടിപ്പിച്ചത്. അര്‍ജന്റീന ടീമില്‍ നിന്ന് രാജി വയ്ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മെസി പറയുമ്പോഴും ഇനി ഒരു ലോകകപ്പില്‍ കൂടി ആ മാന്ത്രികത ആരാധകര്‍ക്ക് കാണാനാകുമോ എന്നത് സംബന്ധിച്ച് അദ്ദേഹം പ്രത്യേകിച്ചൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ അടുത്ത ലോകകപ്പിനും അര്‍ജന്റീനയെ നയിക്കാന്‍ മെസി വേണമെന്ന് പറയുകയാണ് ടീമിന്റെ പരിശീലകനായ ലിയോണല്‍ സ്‌കലോണി. ( Messi should have a place at next World Cup says Scaloni)
അടുത്ത ലോകകപ്പ് മത്സരത്തിലും മെസിക്ക് സ്ഥാനമുണ്ടാകണം. അദ്ദേഹം സമ്മതം മൂളിയാല്‍ ആ പത്താം നമ്പര്‍ കുപ്പായം അദ്ദേഹത്തിന്റേത് മാത്രമായിരിക്കും. സ്വപ്‌ന നേട്ടത്തിന് ശേഷം മാധ്യമങ്ങളെ കാണവേ സ്‌കലോണി പറഞ്ഞു.
പരാജയപ്പെട്ടാലും അത് നമ്മുക്ക് അഭിമാനം തന്നെയാണെന്ന് ടീമിലെ ഓരോരുത്തരോടും കളിയ്ക്ക് മുന്‍പ് തന്നെ പറഞ്ഞ് അവരില്‍ ആത്മവിശ്വാസം നിറച്ച കോച്ച് ലിയോണല്‍ സ്‌കലോണിയാണ് അര്‍ജന്റീനയുടെ മറ്റൊരു അനുഗ്രഹം. 36 വര്‍ഷങ്ങള്‍ക്കുശേഷം കപ്പ് സ്വന്തമാക്കാനുള്ള സമ്മര്‍ദത്തെ ഗംഭീര കളി സമ്മാനിച്ച് രാജകീയ വിജയം നേടി ഇറക്കി വയ്ക്കുമ്പോള്‍ അതിവൈകാരികമായിരുന്നു സ്‌കലോണിയുടെ പ്രതികരണം. വിജയത്തിന് തൊട്ടുപിന്നാലെ മുഖംപൊത്തി സന്തോഷം കൊണ്ട് വിതുമ്പിക്കരയുന്ന സ്‌കലോണിയുടെ ദൃശ്യങ്ങള്‍ ലോകകപ്പിലെ മറ്റൊരു അവിസ്മരണീയമായ ദൃശ്യമാണ്. 2022 ഫിഫ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ കൂടിയാണ് 44 വയസുകാരനായ സ്‌കലോണി.
Story Highlights: Messi should have a place at next World Cup says Scaloni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here