കൊവിഡ്; വിമാനത്താവളങ്ങളിലെ പരിശോധന ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കണം. സാമ്പിൾ നൽകിയാൽ യാത്രികർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. ശനിയാഴ്ച മുതൽ പരിശോധന ആരംഭിക്കാനാണ് നിർദേശം. ( covid Checks at airports should be strengthened ).
ചൈനയിൽ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജാഗ്രത പുലർത്താൻ നിർദേശം നൽകിയിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തണം, മാസ്ക് ഉപയോഗിക്കണം, കൊവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം, പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം, സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം, വാക്സിനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം, രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണം തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തില്ല.
ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദമാണ് ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചത്. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു. പൊതുസ്ഥലങ്ങിൽ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
Story Highlights: covid Checks at airports should be strengthened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here