ആകാശത്ത് തീ തുപ്പുന്ന റഷ്യൻ മിസൈലുകൾ; എന്നിട്ടും സെലൻസ്‌കി എങ്ങനെ യുക്രൈനിൽ നിന്ന് വാഷിംഗ്ടണിലെത്തി ?

ഡിസംബർ 21നാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി അമേരിക്കയിൽ പറന്നിറങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ റഷ്യൻ ഭീഷണി നിലനിൽക്കുന്ന യുക്രൈൻ വ്യോമപാതയിലൂടെ എങ്ങനെ സെലൻസ്‌കി അമേരിക്കയിലെത്തി ? ( how zelensky reached Washington )
കുറച്ചധികം മാസങ്ങളായി സെലൻസ്‌കിയുടെ ഈ യാത്ര ചർച്ചകളിൽ ഒതുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ ഡിസംബർ 11ന് ഔദ്യോഗിക ക്ഷണം ലഭിച്ചതിന് തൊട്ടുപിന്നാലെ യാത്രയ്ക്കുള്ള തയാറെടുപ്പുകൾ വേഗത്തിലാക്കുകയായിരുന്നു.
യുക്രൈനിൽ നിന്ന് പോളണ്ടിലേക്ക് രഹസ്യ ട്രെയിൻ വഴിയാണ് സെലൻസ്‌കി എത്തിയത്. അതിർത്തി നഗരമായ സെമിസലിലെ റെയിൽവേ സ്റ്റേഷനിൽ സെലൻസ്‌കിയെ കണ്ടവരുണ്ട്. പോളിഷ് ടെലിവിഷനുകളിൽ സെലൻസ്‌കി വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. നീലയും മഞ്ഞയും നിറത്തിലുള്ള യുക്രൈൻ തീവണ്ടിയിൽ നിന്ന് കറുത്ത ഷവർലെ കാറിലേക്ക് കയറിയ സെലൻസ്‌കി, മറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ വിമാനം ലക്ഷ്യമാക്കി നീങ്ങി.
അവിടെ നിന്ന് സെസ്വോ വിമാനത്താവളത്തിൽ നിന്ന് നാറ്റോ ചാര വിമാനത്തിന്റെയും എഫ്-15 ഫൈറ്റർ ജെറ്റിന്റേയും അകമ്പടിയോടെ യുഎസ് എയർ ഫോഴ്‌സ് വിമാനമായ ബോയിംഗ് സി-40ബി പറന്നുയർന്നു. വ്യോമപാത സുരക്ഷിതമാണെന്ന് നാറ്റോ സ്‌പൈ പ്ലെയിൻ ഉറപ്പ് വരുത്തിയ ശേഷമാണ് സെലൻസ്‌കിയുമായുള്ള വിമാനം പറന്നുയർന്നത്. ഒടുവിൽ പത്ത് മണിക്കൂർ നീണ്ട അതീവ സുരക്ഷിതവും സങ്കീർണവും സാഹസികവുമായ യാത്ര വാഷിംഗ്ടണിൽ അവസാനിച്ചു.
കഴിഞ്ഞ ആഴ്ച തന്നെ സെലൻസ്‌കി അമേരിക്കയിൽ എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ബുധനാഴ്ച പുലർച്ചെ അമേരിക്കൻ ആസ്ഥാനത്ത് സെലൻസ്‌കി കാല് കുത്തുംവരെ ഈ യാത്ര അതീവ രഹസ്യമാക്കി തന്നെ അധികൃതർ സൂക്ഷിച്ചു.
നേരത്തെ നിരവധി രാഷ്ട്രീയ നേതാക്കൾ കീവിലെത്തി സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും റഷ്യൻ ആക്രമണം ആരംഭിച്ചതിൽ പിന്നെ ഇതാദ്യമായാണ് സെലൻസ്‌കി അതിർത്തി കടക്കുന്നത്.
Story Highlights: how zelensky reached Washington
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here